ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപം വന്‍ ഹിമപാതം. ഇതേ തുടര്‍ന്ന് 57 തൊഴിലാളികളാണ് കുടുങ്ങിയത്. ഇതില്‍ 16 പേരെ രക്ഷപ്പെടുത്തി.
മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമ സേനയുടെ സഹായം തേടിയിട്ടുണ്ട്.
ബിആര്‍ഒ ഉദ്യോഗസ്ഥര്‍ക്ക് പുറമെ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍ഫ്, ജില്ലാ ഭരണകൂടം, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവരും സ്ഥലത്തുണ്ട്. പ്രദേശത്ത് കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.