കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ വിസ്മരിച്ച് സര്‍ക്കാര്‍. നൂറിലധികം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചത്.
ഇവരുടെ പുനരധിവാസത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വയനാടിന് പുനരധിവാസത്തിനുള്ള ഊന്നല്‍ നല്‍കുമ്പോഴും തങ്ങളുടെ കാര്യവും പരിഗണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തകര്‍ന്നടിഞ്ഞ റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണത്തിന് ഇതുവരെ നടപടിയായില്ല. ദുരന്തമുണ്ടായി ഏഴ് മാസം കഴിഞ്ഞിട്ടും പുനര്‍നിര്‍മാണം എവിടെയും എത്തിയിട്ടില്ല. സര്‍ക്കാരിന്റെ നിസംഗതയുടെ തെളിവായി മാറുകയാണ് തകര്‍ന്ന റോഡുകളും പാലങ്ങളും.
വലിയ നാശനഷ്ടമുണ്ടായ മഞ്ഞചീളിയില്‍ റോഡ് കുത്തിയൊലിച്ച് പോയി. രണ്ട് പാലങ്ങളും തകര്‍ന്നു. ഉരുള്‍പൊട്ടിയൊഴുകിയ വഴിയില്‍ താല്‍കാലികമായുണ്ടാക്കിയ റോഡ് മാത്രമാണ് ഇപ്പോഴുമുള്ളത്. മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ കൂറ്റന്‍ പാറക്കല്ലുകള്‍ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. ചെറുതും വലുതുമായ ഏഴ് പാലങ്ങളാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്.
വിലങ്ങാട് പ്രദേശത്ത് കൂടി കോഴിക്കോടിനും കണ്ണൂരിനും പോകുന്ന ബസുകള്‍ കടന്ന് പോകുന്ന ഉരുട്ടി പാലം ഉരുളിന് ശേഷം അപകടാവസ്ഥയിലാണ്. ഉരുട്ടി, വിലങ്ങാട് ടൗണ്‍ തുടങ്ങി പാനോത്ത് വരെ വിവിധ ഇടങ്ങളില്‍ റോഡ് തകര്‍ന്നു. അറ്റകുറ്റപ്പണികള്‍ ഇനിയും വൈകിയാല്‍ റോഡ് പൂര്‍ണമായും ഇല്ലാതാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.