താമരശേരിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവം: മർദനമേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

താമരശേരിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവം: മർദനമേറ്റ പത്താം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: താമരശേരിയിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസാണ് മരിച്ചത്. ചുങ്കം പാലോറക്കുന്ന് സ്വദേശിയാണ് മുഹമ്മദ് ഷഹബാസ്. ഇന്നലെ രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഗുരുതര മർദനമേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ഷഹബാസ് മരിച്ചതിന് പിന്നാലെ വിദ്യാർഥികൾ തമ്മിലുള്ള ഞെട്ടിക്കുന്ന വാട്സാപ് സന്ദേശം പുറത്തുവന്നിരുന്നു. ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും. ഓൻ്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണൊന്നും ഇല്ല, എന്നും വിദ്യാർഥികൾ നടത്തിയ കൊലവിളി സന്ദേശത്തിൽ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ച് കഴിഞ്ഞാൽ പ്രശ്നമില്ലെന്നും പൊലീസ് കേസ് എടുക്കില്ലെന്നും പത്താം ക്ലാസ് വിദ്യാർഥികളുടെ ഓഡിയോ സന്ദേശത്തിലുണ്ട്.

താമരശേരി വെഴുപ്പൂര്‍ റോഡിലെ ട്രിസ് ട്യൂഷന്‍ സെന്ററിന് സമീപം വ്യാഴാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഘര്‍ഷം.
ഞായറാഴ്ച ട്യൂഷൻ സെന്ററിൽ യാത്രയയപ്പ് ചടങ്ങ് നടന്നിരുന്നു. ഇതിനിടെ നടന്ന ഡാൻസുമായി ബന്ധപ്പെട്ട് വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും താമരശ്ശേരി കൊരങ്ങാട് സ്കൂളിലെ കുട്ടികളും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഉടൻ തന്നെ ട്യൂഷൻ സെന്ററിലെ അധ്യാപകർ ഇടപെട്ട് രം​ഗം ശാന്തമാക്കിയിരുന്നു.

ഇന്നലെ വീണ്ടും രണ്ട് സ്കൂളിലേയും വിദ്യാർഥികൾ സംഘടിച്ചെത്തി ട്യൂഷൻ സെന്ററിന് പുറത്ത് ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ മുഹമ്മദ് ഷഹബാസിനെ വിദ്യാർഥികൾ തന്നെയാണ് വീട്ടിൽ കൊണ്ടുവിട്ടത്. പുറമേ കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ വിട്ടുകാർ സംഭവം കാര്യമാക്കിയില്ല. പിന്നീടാണ് നിലവഷളായതോടെ രാത്രിയിൽ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.