ന്യൂഡല്‍ഹി: പരസ്പര വെടി നിര്‍ത്തലിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയായി. നിയന്ത്രണ രേഖയിലും മറ്റു സെക്ടറുകളിലും വെടിനിര്‍ത്തലിനുള്ള കരാറുകള്‍ കൃത്യമായും പാലിക്കാാണ് ഇരുരാജ്യങ്ങളുടെയും സൈനിക തലത്തില്‍ ധാരണയിലെത്തിയത്.
അപ്രതീക്ഷിത സാഹചര്യങ്ങളും തെറ്റിദ്ധാരണകളും രമ്യമായി പരിഹരിക്കുന്നതിന് ഹോട്ട്ലൈന്‍ ബന്ധവും ഫ്‌ളാഗ് മീറ്റിംഗുകളും നടത്താനും ധാരണയായെന്നു മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷം സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇരുകൂട്ടര്‍ക്കും പ്രയോജനകരവും സ്ഥായിയായതുമായ സമാധാനം പാലിക്കാനും പരസ്പരം പ്രശ്നങ്ങള്‍ മനസിലാക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് നടപടിയെന്നാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. വെടിനിര്‍ത്തലിനു 2003-ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ കരാര്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ കരാര്‍ ലംഘനവും വെടിവയ്പ്പും പതിവ് സംഭവങ്ങളാണ്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ 10,752 തവണ വെടിവയ്പ്പുണ്ടായെന്നും 72 സുരക്ഷാ ഉദ്യോഗസ്ഥരും 70 സാധാരണക്കാരും കൊല്ലപ്പെട്ടെന്നും ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി അടുത്തിടെ ലോക്സഭയില്‍ അറിയിച്ചിരുന്നു. രാജ്യാന്തര അതിര്‍ത്തിലിലും ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിലുമായി 364 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും 341 നാട്ടുകാര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.