മനില: ഉഷ്ണമേഖലാ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് വരണ്ട കാലാവസ്ഥ ആരംഭിച്ചതോടെ ഫിലിപ്പീൻസിൽ ചൂട് കൂടുന്നു. താപനില ഉയർന്നതോടെ ഫിലിപ്പീൻസ് തലസ്ഥാനത്തെ പകുതിയോളം സ്കൂളുകളും അടച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. മനിലയിലും രാജ്യത്തെ മറ്റ് രണ്ട് പ്രദേശങ്ങളിലും ഹീറ്റ് ഇൻഡക്സ് അപകടകരമായ നിലയിലെത്തുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിലെ താമസക്കാർ ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ വർഷം ഏപ്രിൽ, മെയ് മാസങ്ങളിലും വലിയ തോതിലാണ് ഫിലിപ്പീൻസിൽ ഉഷ്ണ തരംഗം അനുഭവപ്പെട്ടത്. ഇതോടെ മിക്കവാറും ദിവസങ്ങളിൽ ക്ലാസുകൾ റദ്ദാക്കിയത് ദശലക്ഷക്കണക്കിന് വിദ്യാർഥികളെയാണ് ബാധിച്ചത്. 38.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കഴിഞ്ഞ വർഷം ഏപ്രിൽ 27 ന് മനിലയിൽ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച താപനില 33 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് മുന്നറിപ്പിൽ പറയുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി മനിലയിലെയും മറ്റ് ആറ് ജില്ലകളിലെയും സ്കൂളുകൾ അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2.8 ദശലക്ഷത്തിലധികം വിദ്യാർഥികളാണ് മേഖലയിലുള്ളത്. മനിലയിലെ മൽബൺ ജില്ലയിലെ 42 സ്‌കൂളുകളിലായുള്ള 68,000-ത്തിലധികം വിദ്യാർഥികളെ അവധി ബാധിച്ചതായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രോട്ടോക്കോളുകളുടെ ഭാഗമായാണ് ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.