കൊച്ചി: റാഗിങ് കര്‍ശനമായി തടയുന്നതിന് സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം.
കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. റാഗിങ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ പഠനം നടത്തണം. ഇതിനായി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കണം. ഇതില്‍ വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തണം. സംസ്ഥാന, ജില്ലാതല റാഗിങ് വിരുദ്ധ സമിതി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. റാഗിങ് വിരുദ്ധ സമിതികളെ സംബന്ധിച്ച് ചട്ടങ്ങളില്‍ നിര്‍വ്വചിക്കണമെന്നും ഹൈക്കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കി അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
1998 ലാണ് സംസ്ഥാന സര്‍ക്കാര്‍ കേരള റാഗിങ് നിരോധന നിയമം പാസാക്കുന്നത്. 2001 ല്‍ റാഗിങ് നിരോധിച്ച് സുപ്രീം കോടതിയും ഉത്തരവ് പുറപ്പെടുവിച്ചു. 2009 ല്‍ റാഗിങ് തടയുന്നതിനായി യുജിസി ചട്ടങ്ങളും നിലവില്‍ വന്നു.
കേരള റാഗിങ് നിരോധന നിയമത്തില്‍ ഒമ്പത് വകുപ്പുകള്‍ മാത്രമേ ഉള്ളൂവെങ്കിലും അതില്‍ വളരെ ശക്തമായ നിബന്ധനകളും വ്യവസ്ഥകളും അടങ്ങിയിട്ടുണ്ട്. ഇതുപ്രകാരം കലാലയങ്ങളില്‍ ആന്റി റാഗിങ് സ്‌ക്വാഡും ആന്റി റാഗിങ് കമ്മിറ്റിയും പ്രവര്‍ത്തിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥി, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് റാഗിങ് സംബന്ധമായി സ്ഥാപനത്തിന്റെ മേധാവിക്ക് പരാതി നല്‍കാം.
പരാതി ലഭിച്ചു കഴിഞ്ഞാല്‍ ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തണമെന്നാണ് ചട്ടം. പരാതി ശരിയാണെന്ന് ബോധ്യമായാല്‍ കുറ്റാരോപിതനായ വിദ്യാര്‍ഥിയെ ക്യാമ്പസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും പരാതി പൊലീസിന് കൈമാറണമെന്നും നിബന്ധനയുണ്ട്. പരാതി തെറ്റാണെന്ന് കണ്ടെത്തിയാല്‍ പരാതിക്കാരനെ ഇക്കാര്യം രേഖാമൂലം അറിയിക്കണം.
നിലവിലെ നിയമ പ്രകാരം ഒരു വിദ്യാര്‍ഥി റാഗിങ് നടത്തിയതായി കണ്ടെത്തിയാല്‍ രണ്ട് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. കൂടാതെ സസ്പെന്‍ഷന്‍ നിലനില്‍ക്കുന്നതോടൊപ്പം മൂന്ന് വര്‍ഷത്തേക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരാന്‍ അനുമതിയുമുണ്ടായിരിക്കില്ലെന്നും നിയമം അനുശാസിക്കുന്നു.