അഭിഭാഷകയെ അപമാനിച്ചതായി പരാതി; ജസ്റ്റിസ് എ. ബദറുദ്ദീനെതിരെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം

അഭിഭാഷകയെ അപമാനിച്ചതായി പരാതി; ജസ്റ്റിസ് എ. ബദറുദ്ദീനെതിരെ  ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം

കൊച്ചി: അഭിഭാഷകയെ അപമാനിക്കും വിധം ജസ്റ്റിസ് എ. ബദറുദ്ദീന്‍ സംസാരിച്ചെന്നാണ് ആരോപിച്ച് ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പരസ്യ പ്രതിഷേധം.

ചേംബറില്‍ വച്ച് മാപ്പ് പറയാമെന്ന് ബദറുദ്ദീന്‍ വ്യക്തമാക്കിയെങ്കിലും തുറന്ന കോടതിയില്‍ മാപ്പ് പറയണമെന്നാണ് അഭിഭാഷക അസോസിയേഷന്റെ ആവശ്യം. തുറന്ന കോടതില്‍ ഇന്നലെ ബദറുദ്ദീന്‍ ഒരു കേസ് പരിഗണിക്കുന്നതിനിടയിലാണ് സംഭവം.

മാസങ്ങള്‍ക്ക് മുന്‍പ് ഈ കേസിന് ആദ്യമായി ഹാജരായത് അലക്‌സ് എന്ന അഭിഭാഷകനായിരുന്നു. അദേഹം ഒരു മാസം മുന്‍പ് മരണപ്പെട്ടു. തുടര്‍ന്ന് അദേഹത്തിന്റെ അഭിഭാഷകയായ ഭാര്യയാണ് കോടതിയില്‍ കേസിനായി ഹാജരായി വക്കാലത്ത് മാറ്റാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍ മോശം രീതിയിലാണ് ബദറുദ്ദീന്‍ സംസാരിച്ചതെന്ന് ആരോപണമുയര്‍ന്നു. ഇതില്‍ ഇന്നലെ തന്നെ 50 അഭിഭാഷകര്‍ ചേര്‍ന്ന് അഭിഭാഷക അസോസിയേഷന്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയായിരുന്നു.

ഇതോടെ വിഷയത്തില്‍ ചീഫ് ജസ്റ്റിസും ഇടപെട്ടു. ചേംബറില്‍ വച്ച് അഭിഭാഷകയോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് ബദറുദ്ദീന്‍ അറിയിച്ചെങ്കിലും അഭിഭാഷക അസോസിയേഷന്‍ തയ്യാറായില്ല.

ഇന്ന് ഒരു മണിക്ക് യോഗം ചേര്‍ന്ന് പ്രമേയം പാസാക്കി ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ കോടതി ബഹിഷ്‌കരിച്ച് മുന്നോട്ട് പോകാനുളള തീരുമാനത്തിലാണ് അഭിഭാഷക അസോസിയേഷന്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.