ചെന്നൈ: എച്ചില്‍ ഇലയില്‍ ശയന പ്രദക്ഷിണം ചെയ്യുന്ന ആചാരം വിലക്കി മദ്രാസ് ഹൈക്കോടതി. ഇത് മനുഷ്യന്റെ അന്തസിനും ആരോഗ്യത്തിനും ഹാനികരമാണന്ന് കോടതി നിരീക്ഷിച്ചു.
തമിഴ്‌നാട് കരൂരിലെ ക്ഷേത്രത്തില്‍ നടക്കുന്ന ആചാരമാണ് ഹൈക്കോടതി വിലക്കിയത്. ശയന പ്രദക്ഷിണം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
ദളിത് പാണ്ഡ്യന്‍ എന്ന കരൂര്‍ സ്വദേശിയുടെ ഹര്‍ജിയില്‍ 2015 ല്‍ ഹൈക്കോടതി എച്ചില്‍ ഇലയിലെ ശയന പ്രദക്ഷിണം വിലക്കിയിരുന്നു. ബ്രാഹ്മണരുടെ എച്ചില്‍ ഇലയില്‍ ഇതര ജാതിക്കാര്‍ ഉരുളുന്നത് ജാതി വിവേചനം എന്നായിരുന്നു ഹര്‍ജിയിലെ വാദം.
എന്നാല്‍ ആരാധനാ സ്വാതന്ത്ര്യം തടയരുതെന്ന് ആവശ്യപ്പെട്ട് നവീന്‍ കുമാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് കഴിഞ്ഞ വര്‍ഷം ശയന പ്രദക്ഷിണത്തിന് അനുമതി നല്‍കി. ഇതിനെതിരെ ജില്ലാ ഭരണകൂടം നല്‍കിയ അപ്പീലിലാണ് ഇന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നത്.
കര്‍ണാടകത്തിലെ ക്ഷേത്രത്തിലുള്ള സമാനമായ ആചാരത്തിനെതിരായ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ആര്‍. സുരേഷ് കുമാറും ജസ്റ്റിസ് ജി. അരുള്‍ മുരുകനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഈ വിഷയത്തിലെ സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ഈ കോടതിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജഡ്ജിമാര്‍ ഉത്തരവ് റദ്ദാക്കിയത്. സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ കക്ഷികള്‍ക്ക് കാത്തിരിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
അതുവരെ കരൂര്‍ ജില്ലയിലെ നെരൂരില്‍ ഭക്തര്‍ ഭക്ഷണം കഴിച്ച ശേഷം അവശേഷിക്കുന്ന വാഴയിലകളില്‍ ഉരുളുന്ന ആചാരം തമിഴ്നാട് സര്‍ക്കാരും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും അനുവദിക്കരുതെന്ന് ജഡ്ജിമാര്‍ നിര്‍ദേശിച്ചു.