ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ വിഘടനവാദി സംഘടനയായ ബലൂച്ച് ലിബറേഷന്‍ ആര്‍മി പാസഞ്ചര്‍ ട്രെയിന്‍ ഹൈജാക്ക് ചെയ്ത സംഭവത്തിന് പിന്നാലെ, രാജ്യത്തെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ ആരോപണങ്ങള്‍ തള്ളി ആഭ്യന്തര മന്ത്രാലയം.
ഇസ്ലാമാബാദ് ഒരു ഭീകര കേന്ദ്രമാണെന്ന നിലപാട് ആവര്‍ത്തിച്ച ഇന്ത്യ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം പാകിസ്ഥാന്‍ ആദ്യം ആത്മപരിശോധന നടത്തണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
'അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ തങ്ങള്‍ തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ കെട്ടിവയ്ക്കുന്നതിന് പകരം പാകിസ്ഥാന്‍ ആദ്യം ഉള്ളിലേക്ക് നോക്കണം'- ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.
ഇന്ത്യ 'ഭീകരതയെ സ്പോണ്‍സര്‍ ചെയ്യുന്നു' എന്നും അയല്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നെന്നും ഒരു മുതിര്‍ന്ന പാക് ഉദ്യോഗസ്ഥന്‍ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
പാകിസ്ഥാനിലെ ക്വെറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസാണ് കഴിഞ്ഞ ദിവസം ബലൂച് വിഘടന വാദികള്‍ റാഞ്ചിയത്. 30 മണിക്കൂര്‍ നേരം നീണ്ട ട്രെയിന്‍ റാഞ്ചലില്‍ 33 തീവ്രവാദികളും 21 ബന്ദികളും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
അതേസമയം ട്രെയിന്‍ ആക്രമണം വിദേശത്ത് ആസൂത്രണം ചെയ്തതാണെന്നും ഇന്ത്യയെ നേരിട്ട് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടില്ലെന്നും പാക് വിദേശകാര്യ ഓഫീസ് വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ പറഞ്ഞു.