ജയ്പുര്‍: ഹോളി ആഘോഷത്തിനിടെ ചായം തേക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്നു. രാജസ്ഥാനിലെ ദൗസയിലാണ് കൊലപാതകം നടന്നത്. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന 25 വയസുകാരനായ ഹന്‍സ് രാജ് മീണയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബുധനാഴ്ചയാണ് ദൗസയിലെ റാല്‍വാസ് ഗ്രാമത്തില്‍ കൊലപാതകം നടന്നത്. ഹോളി ആഘോഷത്തിനിടെ ദേഹത്ത് നിറങ്ങള്‍ പുരട്ടുന്നതിനെ ഹന്‍സ് രാജ് എതിര്‍ത്തു. ഇതില്‍ പ്രകോപിതരായാണ് അശോക്, ബബ്ലു, കലുറാം എന്നിവര്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. മൂവരും ചേര്‍ന്ന് ഹന്‍സ് രാജിനെ ചവിട്ടുകയും ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. കൂട്ടത്തിലൊരാള്‍ വിദ്യാര്‍ത്ഥിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎസ്പി ദിനേശ് അഗര്‍വാള്‍ പറഞ്ഞു.
സംഭവത്തില്‍ രോഷാകുലരായ കുടുംബാംഗങ്ങളും ഗ്രാമവാസികളും ഹന്‍സ് രാജിന്റെ മൃതദേഹവുമായി പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാരായ മൂന്ന് പേരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. അവരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കാം എന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് പ്രതിഷേധക്കാര്‍ ദേശീയപാതയില്‍ നിന്ന് മൃതദേഹം നീക്കം ചെയ്തത്.