മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകൂടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധത്തിനിടെ നാഗ്പൂര്‍ മഹല്‍ ഏരിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. നിരവധി വാഹനങ്ങള്‍ കത്തിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പ്രദേശത്ത് നിരോധാനജ്ഞ പ്രഖ്യാപിച്ചു.
സംഘര്‍ഷത്തെത്തുടര്‍ന്ന് 15 പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു. 20 പേരെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരോടും സമാധാനം പാലിക്കന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആവശ്യപ്പെട്ടു.
പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസുമായി കാര്യങ്ങള്‍ വിലയിരുത്തിയതായും എപ്പോഴും സമാധാനം പുലരുന്ന നഗരമാണ് നാഗ്പൂരെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരും ആഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ഫഡ്നാവിസ് വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബറി മസ്ജിദിന്റെ സ്ഥിതി ആവര്‍ത്തിക്കുമെന്നുമാണ് സംഘപരിവാര്‍ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റങ് ദളും ഭീഷണി മുഴക്കിയത്. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകള്‍ അറിയിച്ചിരുന്നു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ശവകുടീര പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്.