ന്യൂഡല്‍ഹി: കേസിലെ ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാമെന്ന് സുപ്രീം കോടതി. കേസ് എടുക്കാന്‍ വിചാരണക്കോടതിയുടെ നിര്‍ദേശത്തിനായി കാത്ത് നില്‍ക്കേണ്ടതില്ലെന്നും ജസ്റ്റിസ് സഞ്ജയ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിചാരണക്കോടതിയുടെ നിര്‍ദേശം ഉണ്ടെങ്കില്‍ മാത്രമെ പൊലീസിന് കേസെടുക്കാനാവൂ എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ഭീഷണി നേരിട്ട സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. സാക്ഷി പരാതിയുമായി കോടതിയെ സമീപിക്കണമെന്ന ഉത്തരവ് അപ്രായോഗികമാണെന്നും കോടതി നിരീക്ഷിച്ചു.
കൊലപാതക കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കേസില്‍ പ്രതിക്ക് ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. മാത്രമല്ല പ്രതി രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്നും നിര്‍ദേശിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ത്, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് എന്നിവര്‍ ഹാജരായി.