ഫോണില്‍ നസ്രള്ളയുടെ ചിത്രം; ഇസ്ലാം തീവ്രവാദ സംഘടനകളുടെ വീഡിയോ: യുവ ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി അമേരിക്ക

ഫോണില്‍ നസ്രള്ളയുടെ ചിത്രം; ഇസ്ലാം തീവ്രവാദ സംഘടനകളുടെ വീഡിയോ:  യുവ ഡോക്ടറെ ലെബനനിലേക്ക് നാടുകടത്തി അമേരിക്ക

വാഷിങ്ടണ്‍: ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസന്‍ നസ്രള്ളയുടെയും മറ്റ് ചില ഇസ്ലാമിക തീവ്രവാദ സംഘടനാ നേതാക്കളുടെയും ചിത്രങ്ങളും വീഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടെത്തിയതോടെ ലെബനന്‍കാരിയായ യുവ ഡോക്ടറെ അമേരിക്ക സ്വന്തം രാജ്യത്തേക്ക് നാടുകടത്തി.

റോഡ് ഐലന്‍ഡിലെ ഡോക്ടറും ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസറുമായ റാഷ അലവീഹിനെയാണ് നാടുകടത്തിയത്. ഇവരുടെ സെല്‍ ഫോണിന്റെ ഡിലീറ്റഡ് ഫോള്‍ഡറില്‍ നിന്നാണ് ഇസ്ലാമിക തീവ്രവാദ സംഘടനകളോട് അനുഭാവം പുലര്‍ത്തുന്ന ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയത്.

കുടുംബത്തെ കാണാന്‍ ലെബനനിലേക്ക് പോയി മടങ്ങി വരവെ ബോസ്റ്റണിലെ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് റാഷയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.

വൈറ്റ് ഹൗസ് ഡ്രൈവ്-ത്രൂ വിന്‍ഡോയില്‍ നിന്ന് കൈവീശുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഫോട്ടോയ്‌ക്കൊപ്പം 'ബൈ-ബൈ റാഷാ' എന്ന് കുറിച്ചാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി എക്‌സ് പോസ്റ്റിലൂടെ നാടുകടത്തലിന്റെ വിവരം അറിയിച്ചത്.

ഷിയ മുസ്ലീം എന്ന നിലയില്‍ മതപരമായ വീക്ഷണ കോണില്‍ നിന്ന് താന്‍ ഹസന്‍ നസ്രള്ളയെ പിന്തുണക്കുന്നുവെന്നും കഴിഞ്ഞ മാസം ലെബനനില്‍ നസ്രള്ളയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതായും ഡോ. റാഷ അലവീഹ് സമ്മതിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസ്രള്ള കൊല്ലപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.