ന്യൂഡല്‍ഹി: ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്ക് പോലും നോക്കുകൂലി ചുമത്തുന്ന കമ്യൂണിസമാണ് കേരളത്തിലുള്ളതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ആ കമ്യൂണിസമാണ് കേരളത്തിലും പശ്ചിമ ബംഗാളിലും വ്യവസായം തകര്‍ത്തതെന്നും രാജ്യസഭയില്‍ അവര്‍ ആരോപിച്ചു.
നോക്കു കൂലിയെന്ന പ്രതിഭാസം കേരളത്തിലല്ലാതെ വേറെ എവിടെയുമില്ല. ഒരു ബസില്‍ ചെന്നിറങ്ങി ലഗേജ് എടുക്കണമെങ്കില്‍ ലഗേജ് ഇറക്കി വെയ്ക്കുന്ന ആള്‍ക്ക് 50 രൂപ കൊടുത്താല്‍ അത് നോക്കി ഇരിക്കുന്ന സിപിഎം കാര്‍ഡ് ഹോള്‍ഡര്‍ക്ക് 50 രൂപ നോക്കുകൂലിയായി കൊടുക്കേണ്ടി വരുമെന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. പെട്ടിയിറക്കി താഴെ വെയ്ക്കുന്നത് നോക്കി നില്‍ക്കുന്നതിനാണ് ഈ കൂലി. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളതെന്നും അവര്‍ വിശദീകരിച്ചു.
രണ്ട് ദിവസം മുന്‍പ് നല്‍കിയ ഇന്റവ്യൂവില്‍ പോലും അവിടെ നോക്കുകൂലിയില്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പറയേണ്ടി വരുന്നു. തന്നെ കൂടുതല്‍ പഠിപ്പിക്കാന്‍ നില്‍ക്കേണ്ടെന്നും ആ മേഖലയില്‍ നിന്നുള്ളയാളാണ് താനെന്നും പ്രതിപക്ഷ അംഗങ്ങളോട് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കേരള ഹൗസില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയുടെ പിന്നാലെയാണ് നിര്‍മലയുടെ വിമര്‍ശനം.
അതിനിടെ കേന്ദ്ര മന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ ദുരൂഹത ആരോപിച്ച് കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നു. ഗവര്‍ണറുടെ സാന്നിധ്യത്തിലുള്ള കൂടിക്കാഴ്ച അസാധാരണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വ്യക്തത വരുത്തണമെന്നും കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.
കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയും ഗവര്‍ണറുടെ സാന്നിധ്യത്തില്‍ നടത്തിയ കൂടിക്കാഴ്ചയാണ് അനൗപചാരികം എന്ന് മുഖ്യമന്ത്രി പറയുന്നത്. കൂടിക്കാഴ്ചയില്‍ എന്ത് സംസാരിച്ചു എന്നതിലും വ്യക്തതയില്ല. ഇതാണ് പ്രതിപക്ഷ നേതാക്കള്‍ ചോദിക്കുന്നത്. പ്രതിസന്ധിഘട്ടത്തിലൂടെ സംസ്ഥാനം കടന്നു പോകുമ്പോള്‍ ധനമന്ത്രിയുമായി ഗവര്‍ണറുടെ സാന്നിധ്യത്തില്‍ എന്ത് ചര്‍ച്ച ചെയ്തുവെന്നും കെ.സി.വേണുഗോപാല്‍ എംപി ചോദിച്ചു.
'അവരിട്ടാല്‍ ബര്‍മുഡ ഞങ്ങള്‍ ഇട്ടാല്‍ വള്ളി നിക്കര്‍' എന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയും പരിഹസിച്ചു. വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്നും പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിന് തന്നെ തേജോവധം ചെയ്തവര്‍ നട്ടെല്ല് ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണം എന്നും അദേഹം പറഞ്ഞു.
അതേസമയം, കൂടിക്കാഴ്ചയെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തുവന്നു. മുഖ്യന്ത്രിയും കേന്ദ്ര ധനമന്ത്രിയും ഒരുമിച്ചിരുന്ന് ഒരു ചായ കുടിച്ചതിലെന്താണ് തെറ്റെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഡല്‍ഹിയിലൊക്കെ ഇത്തരം ചായ സല്‍ക്കാരങ്ങള്‍ പതിവാണെന്നും ഇതിനെയൊക്കെ സംശയ ദൃഷ്ടിയോടെ കാണുന്നത് രാഷ്ട്രീയം മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.