ന്യൂഡല്‍ഹി: സുനിത വില്യംസും സംഘവും തിരിച്ചെത്തിയത് ആഘോഷമാക്കി ഇന്ത്യയും. സുനിത വില്യംസിന്റെ ജന്മനാടായ ജുലാലന്‍ ഗ്രാമത്തിലാണ് ആഘോഷം. നിരവധിപേരാണ് സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷിക്കാന്‍ എത്തിയത്. പടക്കം പൊട്ടിച്ചും ആരതി ഉഴിഞ്ഞും പ്രാര്‍ത്ഥന നടത്തിയും ആയിരുന്നു ആഘോഷം.
സുനിത വില്യംസിനെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെ വിജയകരമായ സ്പ്ലാഷ് ഡൗണിന് ശേഷമാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്ര -9 ഡ്രാഗണ്‍ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്ന് ഇന്ത്യന്‍ സമയം 3:30 ഓടെയാണ് ലാന്‍ഡ് ചെയ്തത്. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പലാണ് പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്‌ക്കെത്തിച്ചത്.
എട്ട് ദിവസത്തെ ദൗത്യത്തിനായി പോയ സംഘം സ്റ്റാര്‍ലൈനന്‍ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുകയായിരുന്നു. ഒന്‍പത് മാസത്തിന് ശേഷമാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് തിരിച്ചെത്തിയത്.