യാങ്കോണ്‍: മ്യാന്മറിലെ ഐക്യരാഷ്ട്ര സഭ സ്ഥാനപതിയെ പുറത്താക്കി. പട്ടാള ഭരണകൂടത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ യുഎന്‍ സ്ഥാനപതി ക്യാവ് മോ തുണിനെ മ്യാന്മര് പട്ടാള ഭരണകൂടം പുറത്താക്കിയത്. മ്യാന്മറിലെ സ്റ്റേറ്റ് ടെലിവിഷനിലാണ് തുണിനെ പുറത്താക്കിയതായി പ്രഖ്യാപനം ഉണ്ടായത്.
തുണ് രാജ്യത്തെ ഒറ്റുകൊടുക്കുകയും രാജ്യത്തെ പ്രതിനിധീകരിക്കാത്ത ഒരു അനൗദ്യോഗിക സംഘടനയ്ക്ക് വേണ്ടി സംസാരിക്കുകയും ഒരു സ്ഥാനപതിയുടെ അധികാരവും ഉത്തരവാദിത്തങ്ങളും ദുരുപയോഗം ചെയ്തതായും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
യുഎന്‍ പൊതുസഭയിൽ പട്ടാള ഭരണ കൂടത്തിനെതിരെയാണ് തുണ് ആഞ്ഞടിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് അധികാരം കൈമാറുന്നതുവരെ പട്ടാള ഭരണകൂടത്തോട് ആരും സഹകരിക്കരുതെന്ന് തുണ് പറഞ്ഞു. ഇതിനിടെ രാജ്യത്ത് പട്ടാളത്തിനെതിരെ പ്രക്ഷോഭം ശക്തമാകുകയാണ്. പ്രതിഷേധ റാലിയില്‍ പങ്കെടുത്ത നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തു.