മണ്ഡലപുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണം; പ്രമേയം പാസാക്കി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത യോഗം

മണ്ഡലപുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണം; പ്രമേയം പാസാക്കി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത യോഗം

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത ആക്ഷന്‍ കമ്മിറ്റി. സുതാര്യതയില്ലാത്തതും പ്രധാന പങ്കാളികളെ ഉള്‍പ്പെടുത്താത്തതുമായ ഏതൊരു ഡീലിമിറ്റേഷന്‍ പ്രക്രിയയെയും എതിര്‍ക്കും എന്നും പ്രമേയത്തില്‍ വ്യക്തമാക്കി. പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വരുത്തുന്ന ഏതൊരു മാറ്റവും സംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തത്തോടെ നീതിയുക്തവും സുതാര്യവുമായ പ്രക്രിയയിലൂടെ ആയിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജനസംഖ്യാ വിഹിതത്തിലെ മാറ്റങ്ങള്‍ കാരണം പാര്‍ലമെന്ററി പ്രാതിനിധ്യം കുറഞ്ഞാല്‍, ജനസംഖ്യാ നിയന്ത്രണ നടപടികള്‍ വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് അന്യായമായ ശിക്ഷ ലഭിക്കുന്നതിന് തുല്യമാണ് എന്നും യോഗം വിലയിരുത്തി. 1971 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള പാര്‍ലമെന്റ് മണ്ഡലങ്ങള്‍ മരവിപ്പിക്കുന്നത് ജനസംഖ്യാ വളര്‍ച്ച സ്ഥിരപ്പെടുത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച സംസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ്.

ദേശീയ ജനസംഖ്യാ സ്ഥിരത ലക്ഷ്യം ഇതുവരെ കൈവരിക്കാത്തതിനാല്‍ മണ്ഡല പുനര്‍നിര്‍ണയം 25 വര്‍ഷംത്തേക്ക് കൂടി മരവിപ്പിക്കണം എന്നും പ്രമേയത്തില്‍ വ്യക്തമാക്കി. ഈ തത്വങ്ങളുമായി പൊരുത്തപ്പെടാത്ത ഏതൊരു ഡീലിമിറ്റേഷന്‍ നിര്‍ദേശത്തെയും പാര്‍ലമെന്റില്‍ നേരിടാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ഒരു കോര്‍ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

കര്‍മ്മപദ്ധതിയുടെ ഭാഗമായി നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സംയുക്തമായി ഒരു നിവേദനം സമര്‍പ്പിക്കും. കമ്മിറ്റി പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അതത് നിയമസഭകളില്‍ നിയമനിര്‍മാണ പ്രമേയങ്ങള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുകയും കേന്ദ്ര സര്‍ക്കാരിനെ അവരുടെ നിലപാട് ഔദ്യോഗികമായി അറിയിക്കുകയും ചെയ്യും.

നിര്‍ദിഷ്ട അതിര്‍ത്തി നിര്‍ണയ നടപടിക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള ബിജെപി ഇതര നേതാക്കള്‍ ചെന്നൈയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാനയില്‍ നിന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, കര്‍ണാടകയില്‍ നിന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.