നാവികസേനയ്ക്ക് ശക്തി പകരാന്‍ തവസ്യ; പുതിയ തദ്ദേശീയ യുദ്ധകപ്പല്‍ നീറ്റിലിറക്കി

നാവികസേനയ്ക്ക് ശക്തി പകരാന്‍ തവസ്യ; പുതിയ തദ്ദേശീയ യുദ്ധകപ്പല്‍ നീറ്റിലിറക്കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാവിക സ്വാശ്രയത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി പുതിയ തദ്ദേശീയ യുദ്ധകപ്പല്‍. ഗോവ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (ജിഎസ്എല്‍) പ്രോജക്ട് 1135.6 അഡീഷണല്‍ ഫോളോ-ഓണ്‍ ഷിപ്പുകള്‍ പ്രകാരം രണ്ടാമത്തെ ഫ്രിഗേറ്റായ തവസ്യയാണ് ശനിയാഴ്ച നീറ്റിലിറക്കിയത്.

ഉപരിതല, ഭൂഗര്‍ഭ, വ്യോമ പോരാട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് ഈ യുദ്ധക്കപ്പലുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. രണ്ട് പ്രോജക്റ്റ് 1135.6 ഫോളോ-ഓണ്‍ ഫ്രിഗേറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ പ്രതിരോധ മന്ത്രാലയവും ജിഎസ്എല്ലും തമ്മില്‍ 2019 ജനുവരിയില്‍ ഒപ്പു വച്ചിരുന്നു. ആദ്യത്തെ കപ്പലായ ട്രിപുട്ട് ജൂലൈ 24 ന് നീറ്റിലിറക്കി.

ട്രിപുട്ടിനും തവസ്യയ്ക്കും ഏകദേശം 125 മീറ്റര്‍ നീളവും 4.5 മീറ്റര്‍ ഡ്രാഫ്റ്റും ഏകദേശം 3,600 ടണ്‍ ഡിസ്‌പ്ലേസ്മെന്റും ഉണ്ട്. പരമാവധി 28 നോട്ട് വേഗത കൈവരിക്കാന്‍ കഴിയുന്ന ഇവയില്‍ സ്റ്റെല്‍ത്ത് സവിശേഷതകള്‍, നൂതന ആയുധങ്ങള്‍, സെന്‍സറുകള്‍, പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ആത്മനിര്‍ഭര്‍ ഭാരത് സംരംഭവുമായി യോജിപ്പിച്ച് ട്രിപുട്ട്, തവസ്യ എന്നിവയില്‍ വലിയ അളവില്‍ തദ്ദേശീയ ഉപകരണങ്ങള്‍, ആയുധങ്ങള്‍, സെന്‍സറുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ നിര്‍മാണ യൂണിറ്റുകളുടെ വലിയ തോതിലുള്ള പ്രതിരോധ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കും. ഈ ശ്രമം ആഭ്യന്തര കഴിവുകള്‍ വര്‍ധിപ്പിക്കുകയും രാജ്യത്തിനുള്ളില്‍ ഗണ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.