ലക്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചു. ഹര്‍ജിയില്‍ ലക്‌നൗ ബഞ്ച് ഏപ്രില്‍ 21 ന് വാദം കേള്‍ക്കും. അതിനുള്ളില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണം.
്
രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വത്തിനൊപ്പം ബ്രിട്ടീഷ് പൗരത്വവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ്. വിഘ്‌നേഷ് ശിശിര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നാല് ആഴ്ചയ്ക്കുള്ളില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ബ്രിട്ടീഷ് പൗരത്വം മറച്ചു വച്ചുവെന്നും അതിനാല്‍ രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ സൂര്യ ഭാന്‍ പാണ്ഡെ രണ്ട് മാസത്തെ സമയം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ജസ്റ്റിസ് അതൗ റഹ്മാന്‍ മസൂദി, ജസ്റ്റിസ് അജയ് കുമാര്‍ ശ്രീവാസ്തവ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
രാഹുലിന്റെ പൗരത്വം റദ്ദാക്കണമെന്ന ആവശ്യം 2019 ല്‍ സമര്‍പ്പിച്ചെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാരനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ അശോക് പാണ്ഡെ പറഞ്ഞു. വിഷയത്തില്‍ നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് ശേഷം, ഹര്‍ജിക്കാരന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി പുതിയ വിവരങ്ങള്‍ നല്‍കിയെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. രാഹുലിന്റെ പൗരത്വം സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ട് വിഘ്നേഷ് ഇമെയില്‍ വഴി യു.കെ സര്‍ക്കാരിനെ സമീപിച്ചിരുന്നു.
2022 ല്‍ വിഎസ്എസ് ശര്‍മ്മ എന്നയാള്‍ സമാനമായ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ രാഹുലിന്റെ അനുമതിയില്ലാതെ ഇവ വെളിപ്പെടുത്താന്‍ യു.കെ സര്‍ക്കാര്‍ വിസമ്മതിച്ചു എന്നുമാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.