തിരുവനന്തപുരം: നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി ഡോ. സെല്‍വരാജന്‍ അഭിഷിക്തനായി. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു മെത്രാഭിഷേക കര്‍മങ്ങള്‍.
തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ.വിന്‍സെന്റ് സാമുവല്‍, പുനലൂര്‍ ബിഷപ്പ് ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ രൂപതകളില്‍ നിന്നുളള മുപ്പതിലധികം ബിഷപ്പുമാര്‍ സഹകാര്‍മികരായിരുന്നു.
വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡോ ജിറേലി, സിബിസിഐ പ്രസിഡന്റ് മാര്‍ ആഡ്രൂസ് താഴത്ത്, തിരുവനന്തപുരം മലങ്കര അതിരൂപത സഹായ മെത്രാന്‍ മാത്യു മാര്‍ പോളികോര്‍പ്പസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിച്ച് വന്നിരുന്ന റവ.ഡോ. സെല്‍വരാജനെ ഫെബ്രുവരി എട്ടിനാണ് നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പപ്രഖ്യാപിച്ചത്.