ന്യൂഡല്‍ഹി: വന്യജീവി സംരക്ഷണ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും വന്യജീവി ആക്രമണങ്ങളെ ചെറുക്കാന്‍ ദേശീയ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
ചെയര്‍മാന്‍ ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിലും തുടര്‍ന്ന് ജന്തര്‍ മന്ദറില്‍ നടന്ന ധര്‍ണയിലും പാര്‍ട്ടി എംഎല്‍എമാര്‍, സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനവാസ കേന്ദ്രത്തിലെത്തുന്ന വന്യമൃഗങ്ങളെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിലെ സെഷന്‍ 63 പ്രകാരം സ്വയ രക്ഷയ്ക്കായി വെടിവച്ചു കൊല്ലാം. എന്നാല്‍ അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനൊരു കൃത്യമായ നിര്‍ദേശം കേന്ദ്രം പുറപ്പെടുവിക്കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.
മാത്രമല്ല, വന്യജീവി ആക്രമണം ദുരന്തങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ദേശീയ ദുരന്ത നിവാരണ നിയമം ഭേദഗതി ചെയ്യണമെന്നും അദേഹം ആവശ്യപ്പെട്ടു. കടല്‍ മണല്‍ ഖനന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാളെയും കേരളാ കോണ്‍ഗ്രസ് എം പാര്‍ലമെന്റ് മാര്‍ച്ച് നടത്തും.