ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എംപിമാര്‍ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവയുടെ നിര്‍ദേശം അംഗീകരിക്കാതെ കോണ്‍ഗ്രസ്.
വഖഫ് ബില്ലിനെ എതിര്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ആവശ്യമെങ്കില്‍ കെസിബിസിയുമായി സംസാരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. വോട്ടെടുപ്പ് ആവശ്യപ്പെടണോ എന്ന് ചൊവ്വാഴ്ച തീരുമാനിക്കും. ബില്ല് വരുമെന്ന് ഉറപ്പായാല്‍ സഖ്യ കക്ഷികളുമായി ആലോചിക്കും.
ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കൂടിയായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു. കേരളത്തിലെ എംപിമാര്‍ക്ക് മുന്നിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
'മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിക്ക് മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യണം.
മുനമ്പം നിവാസികള്‍ക്ക് ഭൂമി വിറ്റ ഫറൂഖ് കോളജ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എതിര്‍ വാദം ഉന്നയിക്കത്തക്ക വിധം വകുപ്പുകള്‍ വഖഫ് നിയമത്തില്‍ ഉള്ളത് ഭേദഗതി ചെയ്യാന്‍ ജനപ്രതിനിധികള്‍ സഹകരിക്കണം' - കെസിബിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അദേഹം ആവശ്യപ്പെട്ടു.