മധ്യപ്രദേശില്‍ കത്തോലിക്ക വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ തീവ്ര ഹിന്ദുത്വ വാദികളുടെ മര്‍ദ്ദനവും ഭീഷണിയും

മധ്യപ്രദേശില്‍ കത്തോലിക്ക വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ തീവ്ര ഹിന്ദുത്വ വാദികളുടെ മര്‍ദ്ദനവും ഭീഷണിയും

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ തീര്‍ത്ഥാടകരായ കത്തോലിക്ക വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം. ഇന്നലെയാണ് സംഭവം.

2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മണ്ഡ്ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ പ്രകോപിതരായി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൈസ്തവരുടെ തീര്‍ത്ഥാടനം തടസപ്പെടുത്തി ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൊലീസ് വിട്ടയച്ചതിനെ തുടര്‍ന്ന് വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ത്ഥാടനം നടത്തുന്നതിനിടെ അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി റാഞ്ചി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇതിന് പിന്നാലെ ജബല്‍പൂര്‍ രൂപത വികാരി ജനറല്‍ ഫാ. ഡേവിസും രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് ടിയും സ്ഥലത്തെത്തിയതോടെ തീവ്ര ഹിന്ദുത്വ വാദികള്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു.


വൈദികരെയും വിശ്വാസികളെയും കയ്യേറ്റം ചെയ്ത് മര്‍ദ്ദിച്ച അക്രമികള്‍ ഭീഷണിയും മുഴക്കി. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നത്. 'ജയ് ശ്രീറാം' വിളിയോടെയാണ് ഹിന്ദുത്വ വാദികള്‍ അക്രമം അഴിച്ചു വിട്ടത്.

സംഭവത്തെ കത്തോലിക്ക സമൂഹം അപലപിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭാ നേതൃത്വം ഇന്ന് അധികാരികള്‍ക്ക് പരാതി നല്‍കും. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം വര്‍ധിച്ച് വരികയാണ്. അക്രമ സംഭവങ്ങളില്‍ ഭരണകൂട ഒത്താശത്തോടെ പൊലീസ് നിഷ്‌ക്രിയത്വം പുലര്‍ത്തുകയാണെന്ന ആരോപണവും ശക്തമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.