ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ്.
കോണ്‍ഗ്രസിന്റെ ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ എംപിമാരോടും ബുധന്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ സഭയില്‍ ഹാജരായിരിക്കണമെന്ന നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. രാജ്യസഭ അംഗങ്ങള്‍ക്ക് ചൊവ്വാഴ്ച ഉച്ചയോടെയാണ് വിപ്പ് നല്‍കിയത്. ലോക്സഭ അംഗങ്ങള്‍ക്ക് വൈകുന്നേരത്തോടെ വിപ്പ് നല്‍കി.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാവിലെ രാഹുല്‍ ഗാന്ധി ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും വഖഫ് ഭേദഗതി ബില്ലിനോട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുക.
അതേസമയം സിപിഎം എംപിമാര്‍ ബുധന്‍ മുതല്‍ വെള്ളി ദിവസങ്ങളില്‍ സഭയിലുണ്ടായിരിക്കില്ലെന്ന കാണിച്ച് ലോക്സഭ സ്പീക്കര്‍ക്ക് കേരളത്തില്‍ നിന്നുള്ള എംപി കെ.രാധാകൃഷ്ണന്‍ ഇന്ന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ സിപിഎം നിലപാട് മാറ്റി.
പാര്‍ട്ടിയുടെ നാല് എംപിമാരും വരും ദിവസങ്ങളില്‍ സഭയിലുണ്ടാകണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. ഇതോടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി തമിഴ്‌നാട്ടിലെ മധുരയിലെത്തിയ കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ വൈകുന്നേരത്തോടെ ഡല്‍ഹിക്ക് മടങ്ങി.