മധ്യപ്രദേശില്‍ കത്തോലിക്കാ വൈദികര്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണം ചര്‍ച്ച ചെയ്യണം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഡീന്‍ കുര്യാക്കോസ് എംപി

 മധ്യപ്രദേശില്‍ കത്തോലിക്കാ വൈദികര്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണം ചര്‍ച്ച ചെയ്യണം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഡീന്‍ കുര്യാക്കോസ് എംപി

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്കാ പുരോഹിതര്‍ക്കും അല്‍മായര്‍ക്കും നേരെയുണ്ടായ ക്രൂരമായ ആക്രമണം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ഏപ്രില്‍ ഒന്നിനാണ് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പള്ളികള്‍ സന്ദര്‍ശിക്കുന്നതിനിടെ ഇടവകയില്‍ നിന്നുള്ള കത്തോലിക്കാ വിശ്വാസികളെ ബജ്റംഗ്ദള്‍ അംഗങ്ങള്‍ അനധികൃതമായി തടഞ്ഞുവെയ്ക്കുകയും അക്രമിക്കുകയുമായിരുന്നു. പൊലീസ് ഇടപെട്ടിട്ടും ജബല്‍പൂര്‍ വികാരി ജനറല്‍ ഫാ. ഡേവിസ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് ടി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന വൈദികര്‍ ശാരീരികമായി അക്രമിക്കപ്പെട്ടു.

സംഭവത്തെ ശക്തമായി അപലപിച്ച ഡീന്‍ കുര്യാക്കോസ് എംപി മതസ്വാതന്ത്ര്യത്തിനെതിരായ നഗ്‌നമായ ആക്രമണമാണ് ഇതെന്നും ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഗുരുതരമായ ക്രമസമാധാന പരാജയമാണ് നടക്കുന്നതെന്നും വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടിയും ഉണ്ടാവണം.

മതന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. രാജ്യത്തുടനീളം വര്‍ധിച്ച് വരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളില്‍ മൗനം പാലിക്കാതെ എല്ലാ പൗരന്മാരുടെയും മൗലികവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.