തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലില്‍ മുനമ്പത്തെ ഭൂമി വിഷയം പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദേശം ഇല്ലെങ്കില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അത് പാര്‍ലമെന്റില്‍ ഉറക്കെ പറഞ്ഞ് നിലപാട് പ്രഖ്യാപിക്കട്ടെയെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവ.
മുനമ്പത്തെ ജനങ്ങളുടെ സുരക്ഷയെ കരുതി ബില്ലിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നാണ് കെസിബിസി കേരളത്തില്‍ നിന്നുള്ള എംപിമാരോട് പറഞ്ഞത്. ഇത് കത്തോലിക്കരുടെ മാത്രമല്ല, മുനമ്പത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നമാണെന്നും അദേഹം പറഞ്ഞു.
സമവായ ശ്രമങ്ങള്‍ക്കായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സിലിനെ സമീപിച്ചുവെങ്കിലും സഭ ഒരു ഉറപ്പും നല്‍കിയിട്ടില്ല. തങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുകയാണെന്നും സഭയുടെ ആശങ്കകള്‍ അടക്കം പരിഗണനയിലുണ്ടെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ബില്‍ ന്യൂനപക്ഷ വിരുദ്ധമാണെന്നും സമൂഹത്തില്‍ ധ്രുവീകരണമാണ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് നേതൃത്വം കെസിബിസി നേതൃത്വത്തെ ധരിപ്പിച്ചതായാണ് അറിവ്. ബില്ലിലെ ഭരണഘടനാ വിരുദ്ധമായ ഭാഗങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ എതിര്‍ക്കാന്‍ ഇന്ന് രാവിലെ യോഗം ചേര്‍ന്ന ഇന്ത്യ സഖ്യം തിരുമാനിച്ചിരുന്നു.