കൊച്ചി: വഖഫ് ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സമര പന്തലിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ഓരോരുത്തരെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപിനേതാക്കളായ പി.കെ കൃഷ്ണദാസ്, ഷോണ്‍ ജോര്‍ജ്, മേജര്‍ രവി തുടങ്ങിയവര്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖര്‍ മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയത്.
ക്രിസ്തുവിന്റെ തിരുവത്താഴ ചിത്രം സമര സമിതി രാജീവ് ചന്ദ്രശേഖറിന് ഉപഹാരമായി നല്‍കി. ഭൂമിയുടെ റവന്യൂ അവകാശം ലഭിക്കുന്നതുവരെ കൂടെയുണ്ടാകുമെന്ന് നേതാക്കള്‍ സമര സമിതിയെ അറിയിച്ചു.
കേരള രാഷ്ട്രീയത്തിലെ വലിയ നിമിഷമാണ് മുനമ്പത്തേതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികള്‍ക്കുള്ള മറുപടിയാണിത്. ബിജെപിയിലേക്ക് കൂടുതല്‍ ആളുകള്‍ വൈകാതെ ചേരുമെന്നും അദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെ നേരില്‍ കണ്ട് നന്ദി അറിയിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് സമര സമിതി നേതാക്കള്‍ രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ സമയം തേടി നേരില്‍ കാണാന്‍ അവസരം ഉണ്ടാക്കാമെന്ന് അദേഹം മറുപടി നല്‍കി.
വഖഫ് ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനു പിന്നാലെ മുനമ്പത്ത് ഭൂസംരക്ഷണ സമിതി പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. വഖഫ് ബില്‍ പാസായെങ്കിലും റവന്യൂ അവകാശം പുനസ്ഥാപിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.