യാങ്കൂൺ : സൈനിക ഭരണകൂടത്തിന് എതിരായ രക്തരൂക്ഷിത സമരത്തിൽ , ഞായറാഴ്ച മ്യാൻമർ സൈനീക പോലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സൈന്യം അധികാരം പിടിച്ചെടുക്കുകയും തെരഞ്ഞെടുക്കപ്പെട്ട സർക്കാർ നേതാവ് ആങ് സാൻ സൂകിയെയും അവരുടെ പാർട്ടി നേതൃത്വത്തെയും ഫെബ്രുവരി ഒന്നിന് തടഞ്ഞുവച്ചതു മുതൽ മ്യാൻമറിൽ പ്രതിഷേധം ഉടലെടുത്തു . 50 വർഷത്തെ സൈനിക ഭരണത്തിനുശേഷം ജനാധിപത്യത്തിലേക്ക് പിച്ചവയ്ക്കുന്ന നടപടികൾ നിർത്തിവച്ച സൈനീക അട്ടിമറി ലക്ഷക്കണക്കിന് ആളുകളെ തെരുവിലേക്ക് ഇറക്കി . പാശ്ചാത്യ രാജ്യങ്ങൾ അട്ടിമറിയെ ശക്തമായി അപലപിച്ചു.
മ്യാൻമർ ഒരു യുദ്ധക്കളമായി മാറിയതായി ബുദ്ധമത ഭൂരിപക്ഷ രാജ്യത്തിന്റെ ആദ്യത്തെ കത്തോലിക്കാ കർദിനാൾ ചാൾസ് മൊങ് ബോ ട്വിറ്ററിൽ പറഞ്ഞു. രാജ്യത്ത് സമാധാനത്തിനായി അഭ്യർത്ഥിച്ച അദ്ദേഹം സ്വാതന്ത്ര്യം, മനുഷ്യാവകാശം, സ്വാതന്ത്ര്യം എന്നിവയ്ക്കായി പ്രതിഷേധിക്കുന്ന സിവിലിയന്മാരെ വെടിവച്ചുകൊല്ലരുതെന്ന് എസ്‌എഫ്‌എക്സ് കന്യാസ്ത്രീയായ സിസ്റ്റർ നു താവ് പോലീസ് സേനയോട് യാചിക്കുന്ന ഫോട്ടോയും ട്വിറ്ററിൽ പങ്കു വച്ചിട്ടുണ്ട്.
തെരുവിലെങ്ങും ഗ്രാനേഡുകളും കണ്ണീർ വാതകപ്രയോഗങ്ങളും നിറഞ്ഞുനിൽക്കുന്നു. പരിക്കേറ്റവർ വഴിയരികിൽ വീണുകിടക്കുന്നു. പൊലീസിന് സഹായകരമായി പട്ടാളവും എങ്ങും നിലയുറപ്പിച്ചിട്ടുണ്ട് . തെക്ക് ഡാവേയിൽ പോലീസ് വെടിയുതിർക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
രണ്ടാമത്തെ നഗരമായ മണ്ടാലെയിൽ നടന്ന പ്രതിഷേധത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി മ്യാൻമർ നൗ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ പട്ടാളഭരണസമിതിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. പത്തോളം പ്രതിഷേധക്കാർ ഇതുവരെ മരണമടഞ്ഞതായി കണക്കാക്കുന്നു.

പോലീസ് വെടിയുതിർത്തെങ്കിലും പ്രതിഷേധക്കാർ തെരുവുകളിൽ നിന്നും പിൻവാങ്ങാൻ തയ്യാറാകുന്നില്ല. നൂറുകണക്കിന് ആൾക്കാർ യാങ്കോണിൽ തടിച്ചുകൂടി ബാരിക്കേഡുകൾ സ്ഥാപിക്കുകയും മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഒരു കാരണവശാലും സൈനീക ബൂട്ടിൻ കീഴിലേക്ക് മടങ്ങില്ല എന്നതാണ് പ്രതിഷേധക്കാരുടെ നിലപാട്.