സിഡ്നി: സിഡ്‌നിയിലേക്ക് പോകുകയായിരുന്ന എയര്‍ ഏഷ്യ എക്‌സ് വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. ജോര്‍ദാന്‍ പൗരനായ ഷാദി തൈസീര്‍ അല്‍സായിദെ എന്നയാളാണ് പിടിയിലായിരിക്കുന്നത്.
മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്ന ഡി 7220 വിമാനത്തിലാണ് സംഭവം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിൽ പറയുന്നു.
ആദ്യം പിന്‍വശത്തെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു. അതിനിടെ ഇയാള്‍ ഒരു ക്യാബിന്‍ ക്രൂവിനെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അല്‍സായിദെയെ വിമാനത്തിന്റെ മധ്യഭാഗത്തുള്ള ഒരു സീറ്റിലേക്ക് മാറ്റി. എന്നാല്‍ ഇവിടുത്തെ മറ്റൊരു എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ തുറക്കാന്‍ ശ്രമിച്ച് വീണ്ടും സാഹചര്യം മോശമാക്കുകയായിരുന്നു ഇയാള്‍.
വിമാനത്തിന്റെ സുരക്ഷ അപകടത്തിലാക്കിയതിന് രണ്ട് കുറ്റങ്ങളും ക്യാബിന്‍ ക്രൂവിനെ ആക്രമിച്ചതിന് ഒരു കുറ്റവും അല്‍സായിദെക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് എഎഫ്പി പറഞ്ഞു.