ന്യൂഡല്‍ഹി: അമേരിക്ക ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തിന്റെ ആശങ്ക നിലനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകര്‍ന്ന് റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്ക് കാല്‍ ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് ആറു ശതമാനമായി. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ ബാധ്യത കുറയും. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും.
അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിസര്‍വ് ബാങ്ക് പണനയ സമിതി അടിസ്ഥാന പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തിയത്. ഫെബ്രുവരിയിലും ഏപ്രിലിലുമായി രണ്ട് തവണ പലിശ നിരക്ക് കുറച്ചതോടെ, റിപ്പോ നിരക്കില്‍ അര ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
ഫെബ്രുവരിയ്ക്ക് മുന്‍പ് 2020 മെയ് മാസത്തില്‍ കോവിഡ് കാലത്താണ് പലിശ കുറച്ചത്. കോവിഡിന് ശേഷം പണപ്പെരുപ്പം കൂടിയതോടെ ഘട്ടംഘട്ടമായി പലിശ നിരക്ക് ഉയര്‍ത്തുകയും ചെയ്തു. വിലക്കയറ്റ ഭീഷണി ഒഴിഞ്ഞു തുടങ്ങിയ സാഹചര്യത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനമേകാനാണ് ആര്‍ബിഐ പലിശ നിരക്ക് കുറച്ചത്.