ബ്യൂണസ് ഐറിസ്: തന്റെ ഇനിയുള്ള ദിനങ്ങള്‍ റോമില്‍ തന്നെ ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജന്മനാടായ അര്‍ജന്റീനയിലേക്ക് മടങ്ങില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. 'ദ ഹെല്‍ത്ത് ഓഫ് പോപ്സ്' എന്ന പുസ്തകത്തിലൂടെയാണ് വെളിപ്പെടുത്തല്‍.
മരണത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിലും ഭയപ്പെടുന്നില്ലെന്ന് മാര്‍പാപ്പ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അവസാന നാളുകളില്‍ താന്‍ ചിലപ്പോള്‍ വിരമിച്ചേക്കാമെന്നും എന്നാല്‍, റോമില്‍ തന്നെയായിരിക്കുമെന്നും മാര്‍പാപ്പ പ്രതികരിച്ചു. നടുവിനും ഇടുപ്പിനും വേദനയുള്ളതിനാല്‍ മാര്‍പാപ്പ അടുത്തിടെ ചില യാത്രകള്‍ റദ്ദാക്കിയിരുന്നു.
അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനും ഡോക്ടറുമായ നെല്‍സണ്‍ കാസ്ട്രയ്ക്ക് വത്തിക്കാനില്‍ നല്‍കിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.