ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയെ 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിങിന്റേതാണ് ഉത്തരവ്.
അതീവ സുരക്ഷയില്‍ റാണയെ വ്യാഴാഴ്ച രാത്രി 10:45 ഓടെയാണ് കോടതിയിലെത്തിച്ചത്. മണിക്കൂറുകള്‍ നീണ്ട വാദം കേള്‍ക്കലിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 20 ദിവസത്തെ കസ്റ്റഡി ആയിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്ര സര്‍ക്കാരിനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നരേന്ദര്‍ മാനെ നിയോഗിച്ചിരുന്നു. എന്‍ഐഎയെ പ്രതിനിധീകരിച്ച് സീനിയര്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണനാണ് ഹാജരായത്. റാണയ്ക്ക് അഭിഭാഷകനായ പിയൂഷ് സച്ദേവയുടെ നിയമസഹായവും ലഭിച്ചിരുന്നു.
17 വര്‍ഷം നീണ്ട നിയമ വ്യവഹാരങ്ങള്‍ക്കും നയതന്ത്ര നീക്കങ്ങള്‍ക്കും ഒടുവില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് അമേരിക്കയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റാണയെ ഡല്‍ഹിയില്‍ എത്തിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ അടങ്ങുന്ന സംഘം കുറച്ച് ദിവസമായി അമേരിക്കയില്‍ ഉണ്ടായിരുന്നു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടന്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റാണയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.