ന്യൂഡൽഹി : മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ ആസൂത്രകനായ തഹാവൂർ ഹുസൈൻ റാണ കേരളത്തിൽ എത്തിയത് ഭീകര പ്രവർത്തനത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാനെന്ന് എൻഐഎക്ക് വിവരം ലഭിച്ചതായി സൂചന. എൻഐഎ ആസ്ഥാനത്ത് തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഇതിനിടയാണ് കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിലെ സന്ദർശനം നടത്തിയ കാര്യവും വെളിപ്പെടുത്തിയത്. കൊച്ചിയിൽ ദിവസങ്ങളോളം താമസിച്ചുവെന്നും റാണ പറഞ്ഞതായാണ് വിവരം. ഈ സമയത്ത് 13 പേരെ ഇതുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. കൊച്ചിയിൽ റാണയ്‌ക്ക് ആരുടെ സഹായം ലഭിച്ചുവെന്നതടക്കം നിർണായക വിവരങ്ങളാണ് അന്വേഷണ സംഘം തേടുന്നത്.
അതേസമയം ദാവൂദ് ഗിലാനി ( കോൾമാൻ ഹെഡ്ലി) യേയും റാണയെയും സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിൽ എടുത്ത് ഡൽഹിയിൽ എത്തിച്ചു. ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ ഏജൻസിയുടെ നീക്കം. എന്നാൽ ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ തൃപ്തികരമായ മറുപടികൾ റാണ നൽകിയില്ലെന്നാണ് വിവരം. ഇന്നലെ മൂന്നര മണിക്കുറോളം ഇയാളെ ചോദ്യം ചെയ്തിരുന്നു.
2008 നവംബർ 26നാണ് മുംബൈ ആക്രമണം നടക്കുന്നത്. ഇതിന് ദിവസങ്ങൾക്ക് മുമ്പ് റാണ കേരളത്തിലും എത്തിയിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ ഹാപൂർ, ആഗ്ര, ഡൽഹി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലും റാണ യാത്ര ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2008 നവംബർ 16,17 തിയതികളിലാണ് റാണ ഭാര്യക്കൊപ്പം കൊച്ചി മറൈൻ ഡ്രൈവിലുള്ള താജ് റെസിഡൻസിയിൽ എത്തിയത്. എന്നാൽ മറ്റെവിടെയെങ്കിലും താമസിച്ചിരുന്നോ എന്നും ഇനി കണ്ടെത്താനുണ്ട്. റാണയെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തിലും വ്യക്തത വരുത്താൻ സാധിക്കും. മുംബൈയ്‌ക്ക് സമാനമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് കൊച്ചി. മുംബൈയിലേതിന് സമാനമായി കടൽമാർഗം കടന്നുകയറാൻ സാധിക്കും. കേരളത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടോ എന്നും വ്യക്തമാകാനുണ്ട്.