യേശുവിന്റെ ജറുസലേം പ്രവേശന സ്മരണകളുണര്‍ത്തി ഇന്ന് ഓശാന ഞായര്‍; കുരുത്തോലകളേന്തി വിശ്വാസികള്‍

യേശുവിന്റെ ജറുസലേം പ്രവേശന സ്മരണകളുണര്‍ത്തി ഇന്ന് ഓശാന ഞായര്‍; കുരുത്തോലകളേന്തി വിശ്വാസികള്‍

കൊച്ചി: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മങ്ങള്‍ നടക്കും.

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി വിശ്വാസികള്‍ ഇന്ന് ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കും. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും.

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിനൊപ്പം അന്ത്യ അത്താഴത്തിന്റെയും കാല്‍വരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പ് തിരുന്നാളിന്റെയും ഓര്‍മ്മ പുതുക്കുന്ന വേള കൂടിയാണിത്. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന് കുരുത്തോല ഘോഷയാത്രയും ദിവ്യബലിയും നടക്കും.

തിങ്കള്‍ മുതല്‍ ബുധന്‍ വരെ ദേവാലയങ്ങളില്‍ ദിവ്യബലി അര്‍പ്പിക്കും. പെസഹ, ദുഖവെള്ളി ആചാരണങ്ങള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി ആരംഭിക്കുന്ന ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ അവസാനിക്കുന്നതോടെ ദേവാലയങ്ങളിലും വീടുകളിലും ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

ആലപ്പുഴ നഗരത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്ക സഭകളിലെ വിവിധ പള്ളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംയുക്ത കുരിശിന്റെ വഴി ഓശാന ഞായറാഴ്ചയായ ഇന്ന് നടക്കും. വൈകുന്നേരം നാലിന് ആലപ്പുഴ രൂപതയുടെ മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്ന് കുരിശിന്റെ വഴി ആരംഭിക്കും. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ ആമുഖ സന്ദേശം നല്‍കും. നഗരം ചുറ്റി പഴവങ്ങാടി മാര്‍ സ്ലീവ ഫൊറോന തീര്‍ത്ഥാടന പള്ളിയിലെത്തുമ്പോള്‍ ആലപ്പുഴ ബിഷപ് ഡോ.ജയിംസ് റാഫേല്‍ ആനാപറമ്പില്‍ സമാപന സന്ദേശം നല്‍കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.