ന്യൂഡല്‍ഹി: രാജ്യത്ത് വഖഫിന്റെ പേരില്‍ നടന്നത് ഭൂമി കൊള്ളയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പിന്നോക്കക്കാരുടെയും പാവപ്പെട്ട മൂസ്ലീങ്ങളുടെയും ഭൂമിയാണ് കൊള്ളയടിച്ചത്.
പാവപ്പെട്ട മുസ്ലീങ്ങളെ വഞ്ചിക്കാന്‍ അനുവദിക്കില്ലെന്നും വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് വഖഫ് നിയമം ഭേദഗതി ചെയ്തുവെന്നും ഹരിയായനയിലെ ഹിസാറിലെ പൊതു യോഗത്തില്‍ പ്രസംഗിക്കവേ മോഡി പറഞ്ഞു.
കോണ്‍ഗ്രസ് മുസ്ലീം മത മൗലികവാദികളെ പ്രീണിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതാണ് പുതിയ നിയമത്തോടുള്ള അവരുടെ എതിര്‍പ്പ് തെളിയിക്കുന്നതെന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഒരു മുസ്ലീം പ്രസിഡന്റിനെ നാമനിര്‍ദേശം ചെയ്യാത്തതെന്നും തിരഞ്ഞെടുപ്പില്‍ 50 ശതമാനം മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.
തിരഞ്ഞെടുപ്പില്‍ അധികാരം നേടുന്നതിന് വേണ്ടി മാത്രം അവര്‍ ഭരണഘടനയെ ഉപയോഗിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അധികാരം നിലനിര്‍ത്താന്‍ ഭരണഘടനയുടെ ആത്മാവിനെ കൊലപ്പെടുത്തി. ഭരണഘടന ഒരു മതേതര സിവില്‍ കോഡിനെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ കോണ്‍ഗ്രസ് ഒരിക്കലും അത് നടപ്പിലാക്കിയിട്ടില്ലെന്നും മോദി പറഞ്ഞു.
ബിആര്‍ അംബേദ്കറുടെ ജീവിതവും പ്രത്യയ ശാസ്ത്രവും എന്‍ഡിഎ സര്‍ക്കാരിനെ മുന്നോട്ടക്ക് നയിക്കാനുള്ള പ്രചോദന സ്തംഭമായി മാറിയെന്നും അംബേദ്കര്‍ ജയന്തി ദിനത്തില്‍ മോഡി പറഞ്ഞു. തന്റെ സര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളും നയങ്ങളും അംബേദ്കറിന് സമര്‍പ്പിക്കുന്നു. ദരിദ്രരെയും പിന്നാക്കക്കാരെയും ആദിവാസികളെയും സംരക്ഷിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോഡി വ്യക്തമാക്കി.