ലഹരി ഉപയോഗം ഈ കാലഘട്ടത്തിലെ കുടുംബങ്ങളെയും യുവജനങ്ങളെയും കൗമാരക്കാരെയും ഉള്‍പ്പെടെ ഗൗരവമായി ബാധിക്കുന്ന ഒരു വലിയ വിപത്തായി മാറിയിരിക്കുകയാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ജീവിത പ്രതിസന്ധികളെ മറക്കാന്‍ കുറുക്കുവഴികള്‍ കണ്ടുപിടിക്കുന്നതിന്റെയും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന്റെയും ഭാഗമായിട്ടാണ് ഒരു വിഭാഗം ആളുകള്‍ ലഹരിയ്ക്ക് അടിപ്പെടുന്നത്. കേവലം വിനോദമായി മാറുന്ന പുകവലിയില്‍ നിന്നാണ് ലഹരി മരുന്നുകളുടെ ഉപയോഗം ആരംഭിക്കുത്. പുകവലിയില്‍ നിന്നുള്ള അടുത്ത ഘട്ടം മദ്യപാനമാണ്. ഏറ്റവും ഒടുവില്‍ ലഹരി മരുന്നുകളും.
മദ്യപാനം ഇന്ന് സാമൂഹ്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ഒരുമിച്ചുകൂടുന്ന എല്ലാ ഇടങ്ങളിലും-മതപരമായ ചടങ്ങുകളിലും കുടുംബത്തിലെ ആഘോഷങ്ങളിലും എന്തിന് മരണ വീടുകളില്‍ പോലും മദ്യപാനം സര്‍വ സാധാരണമായി കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ മദ്യപാനത്തില്‍ നിന്ന് അടുത്ത പടിയായ മയക്കുമരുന്നുകളാണ് പലരും ഉപയോഗിക്കുന്നതെന്ന് മാത്രം. മണമില്ലാത്തതും ബാഹ്യചേഷ്ടകളിലൂടെ പെട്ടെന്ന് മറ്റൊരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തതുമെല്ലാം ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ധിച്ച് വരുന്നതിന് കാരണമായി മാറിയിട്ടുണ്ട്.
പ്രകൃതിദത്തമായ മയക്കുമരുന്നുകളെ വിട്ട് കെമിക്കല്‍ മയക്കുമരുന്നുകളിലേക്കാണ് ഇന്നത്തെ യുവതലമുറ ആകൃഷ്ടരായിരിക്കുന്നു. കൊക്കെയ്ന്‍, ഹെറോയിന്‍, മരിജുവാന എന്നിവയെല്ലാം അതില്‍ പെട്ടതാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് വലിയൊരു പ്രശ്‌നമാണോയെന്ന് ചോദിക്കത്തക്ക വിധത്തില്‍ സാമൂഹ്യ മനസാക്ഷി അധപ്പതിച്ചിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണിത്. ഈ അപകടത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ നമുക്ക് സാമൂഹികമായ ഉത്തരവാദിത്തവും കടമയുമുണ്ട്. സഭാ സംവിധാനത്തിന്‍ കീഴില്‍ പലയിടത്തും ഡി അഡിക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത് ഇത്തരമൊരു ലക്ഷ്യം മുന്നില്‍ കണ്ടാണ്.
ലഹരി ഉപയോഗം സമൂഹത്തില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്ത് മെച്ചപ്പെട്ട ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന പ്രവര്‍ത്തനമാണ് ഇത്തരം സെന്ററുകള്‍ കാഴ്ചവയ്ക്കുന്നത്. പക്ഷെ പലരും ഡി അഡിക്ഷന്‍ സെന്ററുകളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നില്ല. കുടുംബത്തിന് നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലും ഭീഷണിയാകുന്ന വിധത്തിലുമായി കഴിയുമ്പോള്‍ ബലം പിടിച്ചെന്നോണമാണ് പലരെയും ഡീ അഡിക്ഷന്‍ സെന്ററുകളില്‍ എത്തിക്കുന്നത്.
കൈ നനയാതെ മീന്‍പിടിക്കുക എന്ന് പറയും പോലെ അധ്വാനിക്കാതെ പണം കണ്ടെത്താനുള്ള മാര്‍ഗമായിട്ടാണ് ചില ചെറുപ്പക്കാര്‍ ലഹരി മരുന്നുകളുടെ കച്ചവടത്തിന് ഇറങ്ങിത്തിരിക്കുന്നത്. കഠിനാധ്വാനം കൂടാതെ എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ പരത്താതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. മൂല്യബോധമുള്ള സമൂഹം സ്വഭാവ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ട് നമ്മുടെ സമൂഹത്തിലെ മൂല്യബോധം വര്‍ധിപ്പിക്കേണ്ടതും അത്യാവശ്യമാണ്. കുട്ടിയാണെങ്കിലും കൗമാരക്കാരനാണെങ്കിലും യുവാവാണെങ്കിലും കുടുംബനാഥനാണെങ്കിലും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ അവര്‍ മൂല്യാധിഷ്ഠിത കാഴ്ചപ്പാട് പുലര്‍ത്തേണ്ടതുണ്ട്. മൂല്യബോധങ്ങള്‍ പകര്‍ന്ന് നല്‍കുന്നതില്‍ ചില സമ്പ്രദായങ്ങള്‍ക്ക് സംഭവിച്ച പരാജയം ഇത്തരത്തിലുള്ള വഴിതെറ്റലുകള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്നും പറയാതെ വയ്യ.
മൂല്യാധിഷ്ഠിതമായ ജീവിതം നയിക്കാന്‍ സ്വഭാവരൂപവല്‍ക്കരണം മികച്ചതാക്കാനുള്ള പരിശീലനം എല്ലാ പരിശീലനക്കളരികളിലും നാം നടപ്പിലാക്കേണ്ടതുണ്ട്. വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം സഭയെ ഇന്ന് വല്ലാതെ ബാധ്യതപ്പെടുത്തുന്നുണ്ട്. മദ്യം വിഷമാണെന്നും അത് കുടുംബത്തെയും സമൂഹത്തെയും ആത്മാവിനെയും നശിപ്പിക്കുന്നുവെന്ന് മടികൂടാതെ പ്രഘോഷിക്കുന്ന സഭ ഇനിയുള്ള കാലം മയക്ക് മരുന്നുകള്‍ക്കെതിരെയും നിരന്തരമായ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ടതുണ്ട്. മയക്ക് മരുന്നുകളുടെ ഉപയോഗം വരുത്തിവയ്ക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ സഭ പ്രതിജ്ഞാബദ്ധവുമാണ്.
ലഹരിയെന്ന വിപത്തില്‍ നിന്ന് രക്ഷപ്പെടാനും അതില്‍ നിന്ന് സമൂഹത്തെ പ്രതിരോധിക്കാനും നമുക്കെല്ലാവര്‍ക്കും ഒത്തൊരുമയോടെ കഠിനാധ്വാനം ചെയ്യാം. മതങ്ങള്‍ക്ക് അതീതമായി മനുഷ്യരെല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഇത് സാധ്യമാകൂ. കാരണം ഒരു മതവും മദ്യപാനമോ ലഹരി വസ്തുക്കളുടെ ഉപയോഗമോ പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ട് എല്ലാ മതങ്ങളും ഒരുമിച്ച് നില്‍ക്കുന്ന വേദികള്‍ ഇക്കാര്യത്തിന് വേണ്ടി നാം രൂപീകരിക്കേണ്ടതുണ്ട്. അതിനുള്ള സാധ്യതകള്‍ കണ്ടെത്തണമെന്നും മാര്‍ റാഫേല്‍ തട്ടില്‍ വ്യക്തമാക്കി.