മുനമ്പം സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു കൊച്ചിയിലെത്തി; നാലുമണിക്ക് വരാപ്പുഴ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച

മുനമ്പം സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു കൊച്ചിയിലെത്തി;  നാലുമണിക്ക് വരാപ്പുഴ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച

കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു മുനമ്പം സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി വൈകുന്നേരം നാലിന് ബിഷപ്പ് ഹൗസില്‍ കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും.

അഞ്ചിന് സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കൂട്ടായ്മയെ അഭിസംബോധന ചെയ്യും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ കിരണ്‍ റിജിജുവിനൊപ്പമുണ്ട്്.

വഖഫ് ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ ഈ മാസം ഒമ്പതിന് മുനമ്പത്ത് എത്താനായിരുന്നു കിരണ്‍ റിജിജു തീരുമാനിച്ചിരുന്നതെങ്കിലും ഇത് പിന്നീട് 15 ലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ വഖഫ് ഭേദഗതി ബില്‍ പാസാക്കിയ സമയത്ത് മുനമ്പത്ത് വലിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി സര്‍ക്കാരിനും അന്ന് ജയ് വിളികളും മുഴങ്ങിയിരുന്നു.

പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ മുനമ്പത്തെത്തി സമരം ചെയ്യുന്നവരുമായി കൂടിക്കാഴ്ച നടത്തി. അമ്പതോളം മുനമ്പം നിവാസികള്‍ അദേഹത്തിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരുകയും ചെയ്തു.

വഖഫ് നിയമഭേദഗതി കേരളത്തില്‍ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി. പാര്‍ലമെന്റില്‍ ഇടത്, യുഡിഎഫ് എംപിമാര്‍ സ്വീകരിച്ച നിലപാടില്‍ ഊന്നിയാകും ബിജെപിയുടെ പ്രചാരണം.

ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസിയുടെ ആവശ്യത്തെ അംഗീകരിക്കാത്ത എംപിമാരുടെ നിലപാടും ഉയര്‍ത്തിക്കാട്ടും. ബില്ല് അവതരിപ്പിച്ചപ്പോള്‍ തന്നെ മുനമ്പം പ്രശ്നത്തിന് പരിഹാരമാകുമെന്ന് കിരണ്‍ റിജിജു വ്യക്തമാക്കിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.