വാഷിങ്ടൺ ഡിസി: ഓശാന മുതൽ ഈസ്റ്റർ വരെ നീളുന്ന വലിയ ആഴ്ചയുടെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
”ദൈവത്തിന്റെ ഏകജാതനായ പുത്രനും നമ്മുടെ കർത്താവും രക്ഷകനുമായ യേശു ക്രിസ്തുവിന്റെ കുരിശ് മരണത്തെ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ അനുസ്മരിക്കുന്നു. ഈസ്റ്റർ ഞായറാഴ്ച നാം അവന്റെ മഹത്തായ പുനരുത്ഥാനത്തെ ആഘോഷിക്കുകയും ‘അവൻ ഉയിർത്തെഴുന്നേറ്റു’ എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു” – ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിൽ പറഞ്ഞു.
കുരിശിലെ യേശുവിന്റെ വേദനയിലൂടെയും ത്യാഗത്തിലൂടെയും എല്ലാ മനുഷ്യരാശിയോടുമുള്ള ദൈവത്തിന്റെ അതിരറ്റ സ്നേഹവും ഭക്തിയും നമ്മൾ കാണുന്നു. അവന്റെ പുനരുത്ഥാനത്തിന്റെ ആ നിമിഷത്തിൽ നിത്യജീവന്റെ വാഗ്ദാനത്താൽ ചരിത്രം എന്നെന്നേക്കുമായി മാറ്റിമറിക്കപ്പെട്ടെന്നും ട്രംപ് പറഞ്ഞു.
സന്തോഷകരവും അനുഗ്രഹീതവുമായ ഒരു അവധിക്കാലം ആശംസിച്ച പ്രസിഡന്റ് അമേരിക്കയെ വിശ്വാസികളുടെ ഒരു രാഷ്ട്രം എന്ന് വിളിക്കുകയും ചെയ്തു. നമുക്ക് ദൈവത്തെ വേണം, അവന്റെ സഹായത്തോടെ നമ്മുടെ രാഷ്ട്രത്തെ മുമ്പെന്നത്തേക്കാളും ശക്തവും സുരക്ഷിതവും വലുതും സമൃദ്ധവും ഐക്യവുമാക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മെലാനിയയും ഞാനും നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ കുരിശുമരണവും പുനരുത്ഥാനവും ആഘോഷിക്കുന്ന ക്രിസ്ത്യാനികളോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുന്നെന്ന് വൈറ്റ് ഹൗസ് പങ്കിട്ട പ്രസ്താവനയിലൂടെ ട്രംപ് പറഞ്ഞു.
ഭൂമിയിലെ തന്റെ അവസാന മണിക്കൂറുകളിൽ എല്ലാ സൃഷ്ടികളോടുമുള്ള ആഴമേറിയതും നിലനിൽക്കുന്നതുമായ സ്നേഹത്തിൽ നിന്ന് ക്രിസ്തു കഠിനമായ വേദനയും പീഡനവും കുരിശിലെ വധശിക്ഷയും മനസോടെ സഹിച്ചു. അവന്റെ കഷ്ടപ്പാടിലൂടെ നമുക്ക് വീണ്ടെടുപ്പുണ്ട്. അവന്റെ മരണത്തിലൂടെ, നമ്മുടെ പാപങ്ങളിൽ നിന്ന് നമുക്ക് മോചനം ലഭിക്കുന്നെന്ന് ട്രംപ് പറഞ്ഞു.
ഈസ്റ്റർ രാവിലെ കല്ല് ഉരുട്ടിമാറ്റിയ ശവകുടീരം ശൂന്യമാണ്. ഇരുട്ടിനെക്കാൾ വെളിച്ചം പ്രബലമാണ് - അവസാന വാക്ക് മരണത്തിന്റേതല്ല എന്ന സൂചനയാണ് ഈസ്റ്ററെന്നും ട്രംപ് കൂട്ടിച്ചേർത്തു.