ഇസ്ലാമബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ആവര്‍ത്തിച്ച് പുകഴ്ത്തുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പരിഹസിച്ച് അമേരിക്കയിലെ മുന്‍ പാക് സ്ഥാനപതി ഹുസൈന്‍ ഹാഖാനി.
തായ്‌ലന്‍ഡും കംബോഡിയയും തമ്മില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ ട്രംപ് നിര്‍ണായക പങ്കുവഹിച്ചുവെന്നാണ് ഏറ്റവും ഒടുവിലായി പാക് പ്രധാനമന്ത്രിയുടെ സ്തുതിപാടല്‍. ഇത് ചൂണ്ടിക്കാട്ടിയാണ് മുന്‍ സ്ഥാനപതിയുടെ പരിഹാസം.
'സമാധാന ശ്രമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ജീവനുകള്‍ രക്ഷിച്ചതില്‍ വഹിച്ച നിര്‍ണായക പങ്കിന് പ്രസിഡന്റ് ട്രംപിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി' - എന്നാണ് ഷഹബാസ് ഷെരീഫ് എക്സില്‍ കുറിച്ചത്.
ഈ പോസ്റ്റിനോട് പ്രതികരിച്ച ഹഖാനി മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ ഒരിക്കല്‍ തമാശയായി വിശേഷിപ്പിച്ച 'ട്രംപിനെ പുകഴ്ത്തുകയെന്ന ഒളിമ്പിക് കായിക വിനോദത്തില്‍' ഷരീഫ് ഇപ്പോഴും മുന്‍പന്തിയിലാണെന്ന് കൂടി ചേര്‍ത്ത് പരിഹസിക്കുകയായിരുന്നു.
'ഒരു ഒളിമ്പിക് കായിക വിനോദമായി കണക്കാക്കിയേക്കാവുന്ന ട്രംപിനെ പുകഴ്ത്തലില്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇപ്പോഴും സ്വര്‍ണ മെഡലിനായി മുന്നിലുണ്ട്'- എന്നായിരുന്നു ഹഖാനിയുടെ കുറിപ്പ്. അദേഹത്തിന്റെ ഈ പരാമര്‍ശം പിന്നീട് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എക്‌സില്‍ റീപോസ്റ്റ് ചെയ്യുകയും ചെയ്തു.
ട്രംപിനോടുള്ള ഷെരീഫിന്റെ ആരാധന ഇതാദ്യമല്ല. ഈ മാസം ആദ്യം ഈജിപ്തില്‍ നടന്ന സമാധാന ഉച്ചകോടിയില്‍വച്ച് അദേഹം യു.എസ് പ്രസിഡന്റിനെ വാനോളം പുകഴ്ത്തിയിരുന്നു. 'സമാധാനത്തിന്റെ മനുഷ്യന്‍' എന്നാണ് അന്ന് ട്രംപിനെ വിശേഷിപ്പിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി പാകിസ്ഥാന്‍ അദേഹത്തെ നാമനിര്‍ദേശം ചെയ്തതായി പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.