പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ ഗവിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയി കാട്ടില്‍ കുടുങ്ങിയവരെ തിരികെയെത്തിച്ചു. കൊല്ലം ചടയമംഗലത്ത് നിന്ന് പുറപ്പെട്ട 38 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് യാത്രാമധ്യേ വനത്തില്‍ കുടുങ്ങിയത്. ബസ് ബ്രേക്ക് ഡൗണായതിനെത്തുടര്‍ന്ന് മണിക്കൂറുകളോളമാണ് ഇവര്‍ കാട്ടില്‍ കുടുങ്ങിക്കിടന്നത്.
കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി വഴിയായിരുന്നു യാത്ര. ഇവരെ തിരികെയെത്തിക്കാന്‍ അയച്ച ബസും പകുതി വഴിയില്‍ വെച്ച് പണിമുടക്കുകയായിരുന്നു. രാവിലെ ആറോടെ ചടയമംഗലത്ത് നിന്നും പുറപ്പെടുകയും ഗവി അടക്കമുള്ള വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിച്ച് രാത്രി പത്തോടെ തിരികെയെത്തും എന്ന ഉറപ്പിലായിരുന്നു സഞ്ചാരികള്‍ രാവിലെ പുറപ്പെട്ടത്. എന്നാല്‍ ബസ് ഉള്‍വനത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രേക്ക് ഡൗണ്‍ ആവുകയായിരുന്നു.
വണ്ടിയുടെ തകരാര്‍ മൂലം യാത്ര പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കാടിന് നടുക്കായിരുന്നു വണ്ടി നിന്നത്. പകരം വണ്ടി വന്നിരുന്നു. എന്നാല്‍ അതും തകരാറിലായിരുന്നു. പിന്നെ നാല് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് വീണ്ടും വേറെ വണ്ടിയെത്തി സഞ്ചാരികളെ തിരികെ എത്തിച്ചത്. രണ്ടാമത് എത്തിച്ച വാഹനം നൂറുമീറ്ററോളം ദൂരം പിന്നിട്ടപ്പോള്‍ തന്നെ തകരാറിലാവുകയായിരുന്നു.