ഇടുക്കി: തൊടുപുഴയ്ക്കടുത്ത് തൊമ്മന്‍കുത്തില്‍ വനം വകുപ്പ് കുരിശ് പിഴുതു മാറ്റിയ സ്ഥലത്തേയ്ക്ക് വൈദികരും വിശ്വാസികളും ചേര്‍ന്ന് നടത്തിയ കുരിശിന്റെ വഴി പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.
ഇതോടെ വിശ്വാസികള്‍ പ്രാര്‍ത്ഥനാ പ്രതിഷേധം സംഘടിപ്പിച്ചു. തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയുടെ നാരങ്ങാനത്തെ കൈവശ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ച് കഴിഞ്ഞ ദിവസം പിഴുത് മാറ്റിയത്.
രാവിലെ തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളിയിലെ ദുഖവെള്ളി ചടങ്ങുകള്‍ക്ക് ശേഷമാണ് വനം വകുപ്പ് കുരിശ് നീക്കം ചെയ്ത സ്ഥലത്തേക്ക് ഇടവകയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തിയത്.
പതിനാലാമത്തെ സ്ഥലമായ തര്‍ക്ക ഭൂമിയിലേക്ക് കടക്കുന്നത് പൊലീസും വനം വകുപ്പും ചേര്‍ന്ന് തടഞ്ഞു. കുരിശ് സ്ഥാപിക്കില്ലെന്നും പ്രാര്‍ത്ഥന നടത്തി തിരികെ പോകുമെന്നും വൈദികര്‍ ഉള്‍പ്പെടെ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല.
ഇതേ തുടര്‍ന്ന് വിശ്വാസികള്‍ കുരിശുമായി കയറി പ്രാര്‍ത്ഥന നടത്തി. വനഭൂമിയില്‍ അതിക്രമിച്ചു കയറിയത്തിന് നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് വനം വകുപ്പ് തീരുമാനം. എന്നാല്‍ വിശുദ്ധ വാരത്തിന് ശേഷം കുരിശ് സ്ഥാപിക്കാന്‍ തന്നെയാണ് വിശ്വാസികളുടെ നീക്കം.
സംരക്ഷിത വനഭൂമിയില്‍ കുരിശ് സ്ഥാപിച്ചെന്ന് ആരോപിച്ചാണ് വനം വകുപ്പ് പൊളിച്ചു മാറ്റിയത്. എന്നാല്‍ ഇത് വനഭൂമി അല്ലെന്നും കൈവശാവകാശ ഭൂമിയാണെന്നുമാണ് സഭയുടെയും വിശ്വാസികളുടെയും നിലപാട്.