നഗരമധ്യത്തിൽ കുരിശിന്റെ വഴിയും പീഡാനുഭവ ശുശ്രൂഷകളും: ഓസ്ട്രേലിയയെ ഉണർത്താൻ സീറോ മലബാർ സമൂഹം; അഡ്‌ലെയ്ഡ് മാതൃകയാകുന്നു

നഗരമധ്യത്തിൽ കുരിശിന്റെ വഴിയും പീഡാനുഭവ ശുശ്രൂഷകളും: ഓസ്ട്രേലിയയെ ഉണർത്താൻ സീറോ മലബാർ സമൂഹം; അഡ്‌ലെയ്ഡ് മാതൃകയാകുന്നു

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്ട്രേലിയൻ തലസ്ഥാനമായ അഡ്‌ലെയ്ഡ് സിറ്റിയിൽ സീറോ മലബാർ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ഈശോയുടെ പീഡാനുഭവ ദൃശ്യാവിഷ്കാരം വിശ്വാസ സാക്ഷ്യമായി മാറി. ആയിരക്കണക്കിന് വിശ്വാസികളാണ് കുരിശിന്റെ വഴിയിൽ പങ്കാളികളായത്.

അഡ്‌ലെയ്ഡ് സീറോ മലബാർ ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടന്ന കുരിശിന്റെ വഴിയാണ് ജനപങ്കാളിത്തം കൊണ്ടും സവിശേഷത കൊണ്ടും ശ്രദ്ധേയമായത്. മലയാളികൾ മാത്രമല്ല തദ്ദേശിയരും സീറോ മലബാർ സഭ ഒരുക്കിയ കുരിശിന്റെ വഴിയിൽ പങ്കെടുത്തു എന്നത് ഒരു മാറ്റത്തിന്റെ ചുവടുവെപ്പാണ്.


അഡ്‌ലെയ്ഡ് സിറ്റി സെന്ററിൽ നടന്ന കുരിശിന്റെ വഴിയിൽ നിന്നുള്ള ദൃശ്യം

കുരിശിന്റെ വഴിയുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒന്നരകിലോമീറ്ററോളം ന​ഗര മധ്യത്തിലൂടെയാണ് സീറോമലബാർ സമൂഹം കുരിശുകളുമായി ഈശോയുടെ പീഡാനുഭസ്മരണയിൽ പങ്കാളികളായത്. 14 സ്ഥലങ്ങളിലും കുട്ടികൾ അഭിനയിച്ച ടാബ്ലോ ക്ലാസ്സിക് നിലവാരത്തോട് ചേർന്ന് നിൽക്കുന്നതായിരുന്നു.

ഓസ്ട്രലിയക്കാർ വളരെ ഭക്തിയോടെ ആദ്യം മുതൽ അവസാനം വരെ കുരിശിന്റെ വഴിയിൽ പങ്കെടുത്തു. ആരും നിർബന്ധിക്കാതെ തന്നെ പലരും വിശ്വാസത്തിന്റെ ഭാഗമായി റോഡിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നത് ഒരു വിസ്മയം തന്നെയായിരുന്നു. വളർന്ന് വരുന്ന തലമുറയ്ക്ക് ഇതൊരു പ്രചോദനം തന്നെയാണ്.


അഡ്‌ലെയ്ഡ് സിറ്റി സെന്ററിൽ നടന്ന കുരിശിന്റെ വഴിയിൽ നിന്നുള്ള ദൃശ്യം

ഫാ. ഡോ.സിബി പുളിക്കൽ, ഫാ. അബ്രാഹം കഴുന്നടിയിൽ, ഫാ. ബിബിൻ വേലംപറമ്പിൽ, ഫാ. സാബു കുമ്പക്കൽ എന്നീ വൈദികരും കുരിശിന്റെ വഴിയിൽ പങ്കെടുത്തു. 53 അൾത്താര ബാലന്മാരും വെളുത്ത ഷർട്ടും ഓറഞ്ച് മുണ്ടും ധരിച്ച 14  വിദ്യാർത്ഥികളും ഉൾപ്പെടെ ഏകദേശം 1500 പേർ പങ്കെടുത്ത പീഡാനുഭവ അനുസ്മരണ ശുശ്രൂഷകൾ ക്രിസ്തുവിന്റെ കുരിശിലെ രക്ഷയുടെയും വിജയത്തിന്റെയും വലിയ പ്രഘോഷണ വേദിയായി മാറി.

യുവജനങ്ങൾ അവതരിപ്പിച്ച പാഷൻ പ്ലേ പീഡാനുഭവ യാത്രയുടെ മുഖ്യ ആകർഷണമായിരുന്നു. ട്രസ്റ്റിമാർ, ഇടവക കൗൺസിൽ അംഗങ്ങൾ, പി.സി.സി അംഗങ്ങൾ, കാറ്റകിസം ടീം, സേഫ്‌ഗാർഡിംഗ് ഓഫീസർമാർ, യുവജന നേതാക്കൾ, അനിമേറ്റർമാർ‌ ഉൾപ്പെടെയുള്ള നിരവധി സംഘങ്ങളും വ്യക്തികളും ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തപ്പെട്ട ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇത് മൂന്നാം വർഷമാണ് പ്രാദേശിക സീറോ മലബാർ സമൂഹം പ്രതിവർഷ കുരിശിന്റെ വഴി സംഘടിപ്പിക്കുന്നത്. പ്രശസ്ത ധ്യാനഗുരുവും തേവര എസ്.എച്ച് കോളജ് പ്രിസിപ്പളുമായ ഫാ. സാബു കുമ്പക്കൽ വചന സന്ദേശം നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.