ഈസ്റ്റർ: ഉയിർപ്പിന്റെ ആഘോഷം; വിശ്വാസത്തിന്റെ പ്രഘോഷണം

ഈസ്റ്റർ: ഉയിർപ്പിന്റെ ആഘോഷം; വിശ്വാസത്തിന്റെ പ്രഘോഷണം

യേശു ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ ഓർമ്മിപ്പിച്ച് ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നു. ലോകരക്ഷകനായി പിറന്ന യേശുക്രിസ്തു കുരിശ് മരണത്തിന് ശേഷം മൂന്നാം നാൾ കല്ലറയിൽ നിന്ന് ഉയർത്തെഴുന്നേറ്റു എന്ന വിശ്വാസം ഉറപ്പിക്കാനും പ്രഘോഷിക്കാനും സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരുത്സവമാണ് ഈസ്റ്റർ.

പീഢനങ്ങളേറ്റ് ക്രൂശിൽ ജീവൻ വെടിഞ്ഞ യേശുക്രിസ്തുവിന്റെ ശരീരം ഒരു കല്ലറയിൽ അടക്കം ചെയ്തു. ഇതിന് ശേഷം മൂന്നാം നാൾ യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു. പിന്നീട് സ്വർഗ്ഗാരോഹണം ചെയ്തു. ഈ ദിനത്തിൽ ക്രിസ്തുവിന്റെ ത്യാഗത്തെയും സഹനത്തെയും ഓർക്കുകയും ആ ഉയിർത്തെഴുന്നേൽപ്പിന്റെ സന്തോഷവും പ്രത്യാശയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.

ഇത് വെറും ആചാരമല്ല, ചരിത്ര സംഭവമാണ്, ചരിത്ര സത്യമാണ്. യേശുക്രിസ്തു പാപത്തെയും മരണത്തെയും ജയിച്ച് ഉയിർത്തെഴുന്നേറ്റു എന്ന സന്തോഷം ആഘോഷിക്കുന്ന ദിവസമാണിത്. ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ അടിത്തറ ഈ ഉയിർപ്പാണ്.

പൗലോസ് ശ്ലീഹൻ ഇങ്ങനെ പറയുന്നു: “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം.(1 കൊറിന്തോസ്, അദ്ധ്യായം 15, വാക്യം 14). അവൻ ഉയിർത്തെഴുന്നേറ്റതാണ് നമ്മുടെ പ്രത്യാശ, നമ്മുടെ ജീവിതത്തിന് അർഥം നൽകുന്നതും ഇത് തന്നെയാണ്.

ക്ലാറൻസ് ഹാൾ എന്ന പണ്ഡിതൻ ഇപ്രകാരം രേഖപ്പെടുത്തുന്നു: ‘‘ഈസ്റ്റർ എന്തെങ്കിലും ഇന്ന് നമ്മോടു സംവേദനം ചെയ്യുന്നെങ്കിൽ അത് ഇപ്രകാരമായിരിക്കും – നിങ്ങൾക്കു സത്യത്തെ കല്ലറയിൽ ഭദ്രമായി നിക്ഷേപിക്കാം. പക്ഷേ, അതവിടെ തുടരുകയില്ല. നിങ്ങൾക്ക് സത്യത്തെ കുരിശുമരത്തിന്മേൽ ആണിയടിച്ചു തറയ്ക്കാം; പുത്തൻ തുണികൊണ്ടു ചുറ്റിപ്പൊതിഞ്ഞു കെട്ടാം; എന്നിട്ട് ഒരു കല്ലറയിൽ സൂക്ഷിക്കാം. പക്ഷേ, അത് അവിടെനിന്നു വിജയമകുടം ചൂടി പുറത്തുവരും.’’

പക്ഷേ, ഈ വലിയ സത്യം നാം പലപ്പോഴും സഭയുടെ ആരാധന ക്രമ കലണ്ടറിലെ ഒരാഘോഷമായോ, ദേവാലയങ്ങളിലെ ചടങ്ങുകളായോ, വീടുകളിലെ ആഘോഷങ്ങളായോ ഒതുക്കുന്നു. അവൻ സത്യമായും ഉയർത്തെഴുന്നേറ്റു എന്ന് ലോകത്തോട് പറയാനുള്ള ഒരവസരം അറിഞ്ഞോ അറിയാതെയോ നമ്മൾ നഷ്ടപ്പെടുത്തുന്നു. ഉയിർപ്പ് – എല്ലാവർക്കും പങ്കുവെക്കാനുള്ള സന്തോഷത്തിന്റെയും പ്രത്യാശയുടെയും വലിയ ആഘോഷമാക്കി മാറ്റാൻ ക്രൈസ്തവരായ വിശ്വാസികൾക്ക് സാധിക്കുന്നുണ്ടോ?

മുസ്ളീം സഹോദരങ്ങൾ റമദാന് ഇഫ്‌താർ വിരുന്നൊരുക്കുന്നത് പോലെ, ഹൈന്ദവ സുഹൃത്തുക്കൾ ഓണസദ്യ നടത്തുന്നതുപോലെ എന്തുകൊണ്ടാണ് ക്രൈസ്തവർ ഈസ്റ്റർ വിരുന്നുകൾ ഒരുക്കാത്തത്. മറ്റുള്ളവർ അവരുടെ ഈ വിരുന്നുകളിലൂടെ അറിഞ്ഞോ അറിയാതെയോ അവരുടെ വിശ്വാസം പ്രഘോഷിക്കുമ്പോൾ ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷമായ ഈസ്റ്ററിൽ അങ്ങനെയൊരവസരം ക്രിസ്ത്യാനി നഷ്ടപ്പെടുത്തുന്നു എന്നതല്ലേ സത്യം.

ബൈബിളിൽ എഴുതിയിട്ടുണ്ട്:“എന്തെന്നാൽ, ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല” (അപ്പസ്തോല പ്രവർത്തികൾ 4:20)

ഈസ്റ്റർ നാം മാത്രം ആചരിക്കേണ്ട ആഘോഷമല്ല. ഇത് എല്ലാവർക്കുമായി പങ്കുവെക്കേണ്ട പ്രത്യാശയുടെ തിരുനാളാണ്.ഈ ഈസ്റ്ററിന് നമ്മുടെ ഭാവങ്ങളിലും സ്ഥാപനങ്ങളിലും ഈസ്റ്റർ വിരുന്നൊരുക്കാൻ സാധിക്കുമ? നമ്മുടെ മേശയിൽ മറ്റു വിശ്വാസികളെയും ക്ഷണിക്കാം. അവരുടെ വിശ്വാസത്തെ ആദരിച്ചുകൊണ്ടുതന്നെ, നമ്മുടെ ഈ തിരുനാൾ തരുന്ന സന്ദേശം അവരോട് സ്നേഹത്തോടെ പങ്കുവെക്കാം. ഈ വർഷം ഒരു മാറ്റം ഉണ്ടാകട്ടെ.

ആദിമസഭയിലെ വിശ്വാസികൾ ഈസ്റ്ററിനെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായർ എന്നാണ്. മറ്റുള്ളവരുമായി ഭക്ഷണം പങ്ക് വയ്ക്കുകയും കണ്ടു മുട്ടുന്നവരോട് ഒരാൾ “ ക്രിസ്തു ഉയർത്തെഴുന്നേറ്റു” എന്നൊരാൾ പറയുമ്പോൾ “ സത്യം സത്യമായി അവിടുന്ന് ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്ന് മറ്റൊരാൾ മറുപടി പറയുമായിരുന്നു.

ഈസ്റ്റർ സന്ദേശം ആദ്യം പ്രസ്താവിച്ചത് ഒരു വലിയ വേദിയിൽ അല്ല, യേശുവിന്റെ ശവകല്ലറയ്ക്കരികെ രണ്ട് സ്ത്രീകൾക്കായിരുന്നു. ദൂതൻ അവരോട് പറഞ്ഞു: “ഭയപ്പെടേണ്ടാ... അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” (മത്തായി 28:5–6).
ഈ വാക്കുകൾ ഇന്നും നമ്മോട് സംസാരിക്കുന്നു. യേശു ജീവിച്ചിരിപ്പിക്കുന്നു എന്ന സത്യമാണ് നമ്മെ ഭയമില്ലാത്തവരാക്കുന്നത്. ജീവിതത്തിലെ അനിശ്ചിതത്വങ്ങളേയും കഷ്ടങ്ങളേയും പോലും നാം ഭയപ്പെടേണ്ടതില്ല. മരണം പോലും ഭീതിയാകേണ്ട.

ക്രിസ്തുവിന്റെ ഉയിർപ്പ് നമ്മെ ശക്തരാക്കുന്നു—ഒരിക്കലും തകരാത്ത പ്രത്യാശയിൽ ജീവിക്കാനും, എല്ലാവരോടും സ്നേഹത്തോടെ പെരുമാറാനും, നിത്യതയിലേക്ക് നമുക്ക് കരുത്തോടെയും സമാധാനത്തോടെയും മുന്നേറാനും. ഭയത്തിന്റെയും നിരാശയുടെയും പിടിയിലമർന്നിരിക്കുന്ന ജനങ്ങളോട് അവരുടെ മതവും ജാതിയും നോക്കാതെ ഈ സന്ദേശം പകരണം. ഈസ്റ്റർ ആനന്ദത്തിന്റെ ഞായറാണ്; ഒപ്പം പ്രത്യാശയുടെയും.

അതുകൊണ്ട് ഇതിനെ ഒരു സ്വകാര്യ പരിപാടിയായോ, മതപരമായ ചടങ്ങോ ആക്കാതെ ലോകം മുഴുവൻ കേൾക്കേണ്ട സ്വീകരിക്കേണ്ട വലിയ ഒരു സന്ദേശമായി മാറട്ടെ.
ഈസ്റ്റർ ആഘോഷിക്കപ്പെടണം.
ഈസ്റ്റർ പ്രഘോഷിക്കപ്പെടണം.
ഈസ്റ്റർ പങ്കുവെക്കപ്പെടണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.