ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഒറ്റപ്പെട്ടുപോയ 73 മലയാളികളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് നോര്‍ക്ക. ആറ് സംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണിവര്‍. നേരത്തേ നോര്‍ക്കയുടെ ഹെല്‍പ്ലൈനില്‍ ഇവര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് ഇവരുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു.
ഇതുവരെ 51 സംഘങ്ങളിലെ 560 ല്‍ അധികം മലയാളികളെ കണ്ടെത്തി കാശ്മീരിന് പുറത്തെത്തിക്കാന്‍ കഴിഞ്ഞു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് തുടങ്ങിയിരുന്നു. മലയാളികള്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് തുടങ്ങിയത്.
സേവനം ഉപയോഗപ്പെടുത്തുന്നതിന് നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍), 00918802012345 (മിസ്ഡ് കോള്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിരുന്നു.
കാശ്മീരില്‍ കുടുങ്ങിയ സഹായം ആവശ്യമായവര്‍ക്കും, ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവര്‍ക്കും ഹെല്‍പ് ഡെസ്‌ക്ക് നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ നല്‍കുകയും പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാമെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അറിയിച്ചിരുന്നു.