വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ മഹാ ഇടയന് പ്രാർഥനയോടെ വിട നൽകി ലോകം. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സെന്റ് മേരി ബസിലിക്കയിലാണ് അന്ത്യവിശ്രമം. കർദിനാൾ സംഘത്തിന്റെ ഡീൻ ജിയോവാനി ബാറ്റിസ്റ്റ റേ ആണ് അന്ത്യ ശുശ്രൂഷകള്‍ക്ക് കാർമികത്വം വഹിച്ചത്.
പാവങ്ങളുടെ പാപ്പയെ അവസാനമായി കാണാൻ രണ്ട് ലക്ഷത്തിലധികം വിശ്വാസികളാണ് എത്തിച്ചേർന്നത്. 180 രാജ്യങ്ങളുടെ പ്രതിനിധികളും ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയിരുന്നു. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകളും സജ്ജീകരിച്ചിരുന്നു.
വത്തിക്കാനിൽ നടന്ന ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ നിന്ന്
കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബാറ്റിസ്റ്റ റേക്കൊപ്പം കർദിനാൾമാരായ റോജർ മൈക്കിൾ മഹോനി, ഡൊമിനിക് മമ്പേർത്തി, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുഖ്യ വൈദികൻ മൗറോ ഗമ്പെത്തി, എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവരും സംസ്കാരച്ചടങ്ങിൽ സഹകാർമികരായി.
ചടങ്ങില്‍ പാപ്പായുടെ സമാധാന നിലപാട് സഭ ഉയർത്തിപ്പിടിച്ചു. സംസ്കാര ചടങ്ങിൽ ജിയോവാനി ഈ നിലപാട് എടുത്തുപറഞ്ഞു. അഭയാർത്ഥികളോടുള്ള അനുകമ്പയാൽ ഫ്രാൻസിസ് മാർപാപ്പയുടെ പൗരോഹത്യ കാലം എങ്ങനെ നിർവചിക്കപ്പെട്ടു എന്നതിനെക്കുറിച്ച് കർദിനാൾ ജിയോവാനി ബാറ്റിസ്റ്ററെ സംസാരിച്ചു. മതിലുകളല്ല പാലം പണിയാന്‍ ആഗ്രഹിച്ചയാളാണ് പാപ്പ എന്നും സഭ അറിയിച്ചു.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ
പാപ്പയുടെ മൃതദഹം വഹിച്ചുള്ള പേടകം സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് ഘോഷയാത്രയായാണ് എത്തിച്ചത്. വത്തിക്കാൻ സിറ്റിയിൽ നിന്ന് പുറപ്പെട്ട് ടൈബർ നദിക്ക് മുകളിലൂടെ സഞ്ചരിച്ച് മധ്യ റോമിലൂടെ പിയാസ വെനീസിയയിലെത്തി കൊളോസിയം കടന്ന് വടക്കോട്ട് തിരിഞ്ഞാണ് മൃതശരീരവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം ബസിലിക്കയിൽ എത്തിച്ചേർന്നത്. റോഡിന് ഇരുവശത്തും നിന്ന ജനങ്ങൾ കരഘോഷത്തോടെയാണ് തങ്ങളുടെ പാപ്പയോട് വിടചൊല്ലിയത്.
അശരണരുടെ ഒരു സംഘമാണ് പാപ്പയുടെ മൃതശരീരം ബസിലിക്കയിൽ ഏറ്റുവാങ്ങിയത്. ചെറുപ്രാർഥനകൾക്ക് ശേഷമാണ് മേരിയുടെ പള്ളിയിലെ മണ്ണിൽ പാപ്പയെ കബറടക്കിയത്. പൊതുജനങ്ങള്‍ക്ക് ചടങ്ങുകളിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഞായറാഴ്ച രാവിലെ മുതല്‍ ജനങ്ങള്‍ക്കായി ഇവിടം തുറന്നുകൊടുക്കും.

അന്ത്യവിശ്രമത്തിനായി പാപ്പായുടെ ഭൗതികശരീരം സെന്റ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോകുന്നു