'ആലപ്പുഴ ജിംഖാന'യുടെ സംവിധായകന്‍ ഉള്‍പ്പെടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേര്‍ കൊച്ചിയില്‍ പിടിയില്‍

'ആലപ്പുഴ ജിംഖാന'യുടെ സംവിധായകന്‍ ഉള്‍പ്പെടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേര്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ ഉള്‍പ്പെടെ മൂന്ന്  പേര്‍ കൊച്ചിയില്‍ പിടിയില്‍. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയുമാണ് എക്‌സൈസിന്റെ പിടിയിലായത്. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീര്‍ താഹിറിന്റെ മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ നിന്നാണ് ഇരുവരെയും എക്സൈസ് പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.

കൂടാതെ ഇരുവരുടെയും സുഹൃത്ത് ഷാലിഫ് മുഹമ്മദും പിടിയിലായിട്ടുണ്ട്. മൂന്ന് പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. മൂവരും ലഹരി ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലായത്. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരി ലഭിച്ചതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ് അറിയിച്ചു.

ആലപ്പുഴ ജിംഖാനയാണ് ഖാലിദ് റഹ്മാന്റെ അവസാന സിനിമ. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, തുടങ്ങിയ ഹിറ്റ് സിനിമകളും ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാന്‍ ചെയ്തിട്ടുണ്ട്. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്‌റഫ് ഹംസ.
മലയാള സിനിമയില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും പരിശോധനകളും ശക്തമാകുന്നതിനിടെയാണ് പ്രമുഖരായ രണ്ട് സംവിധായകര്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലാകുന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് എക്സൈസ് ഫ്ളാറ്റില്‍ പരിശോധന നടത്തിയത്. സംവിധാകരെ തെളിവോടെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളും എക്‌സൈസ് പുറത്ത് വിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.