'ലഹരിയില്‍ വലിപ്പ ചെറുപ്പമില്ല'; കഞ്ചാവുമായി പിടിയിലായ സംവിധായകരെ സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക

'ലഹരിയില്‍ വലിപ്പ ചെറുപ്പമില്ല'; കഞ്ചാവുമായി പിടിയിലായ സംവിധായകരെ സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക. ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സസ്പെന്‍ഡ് ചെയതത്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കാന്‍ തയ്യാറാവില്ലെന്ന് നേരത്തെ ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

ലഹരിയുമായി പിടിയിലായ മേക്കപ്പ്മാനെ അന്നു തന്നെ ഫെഫ്ക സസ്പെന്‍ഡ് ചെയ്തിരുന്നു. ലഹരിയില്‍ വലിപ്പ ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. ഇന്ന് വെളുപ്പിന് രണ്ടിന് ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ എക്സൈസ് നടത്തിയ റെയ്ഡിലാണ് സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ എന്നിവരെ പിടികൂടിയത്. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവര്‍ക്കൊപ്പം അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ ആളെ തിരിച്ചറിഞ്ഞതായി എക്സൈസ് സംഘം സൂചിപ്പിച്ചു. സമീര്‍ താഹിറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നി സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നി സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. പിടിയിലായ സംവിധായകര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ഇവര്‍ ഫ്ളാറ്റിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.