തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്ക് ബോംബ് ഭീഷണി. സെക്രട്ടേറിയറ്റ്, മുഖ്യമന്ത്രിയുടെ ഓഫീസ്, ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് എന്നിവയ്ക്കാണ് ബോംബ് ഭീഷണി.
ഇ-മെയില്‍ വഴി ഇന്ന് രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ലഹരിക്കെതിരായ നടപടിയില്‍ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
വഴുതക്കാട്ടെ ഗതാഗത കമ്മീഷണര്‍ ഓഫീസിലും സ്ഫോടനമുണ്ടാകുമെന്ന് സന്ദേശത്തില്‍ പറയുന്നു. ബോംബ് ഭീഷണിയെ തുടര്‍ന്ന് പൊലീസ് പരിശോധന തുടരുകയാണ്. തലസ്ഥാനത്ത് ഇതിനോടകം 17 ഓളം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശേരി വിമാനത്താവളം തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. നേരത്തെ വഞ്ചിയൂര്‍ കോടതിയിലും തിരുവനന്തപുരം കളക്ടറേറ്റിലും ബോംബ് ഭീഷണിയെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിങിനായി പ്രധാനമന്ത്രി തിരുവനന്തപുരം സന്ദര്‍ശിക്കാനിരിക്കെ തുടര്‍ച്ചായുണ്ടാകുന്ന ബോംബ് ഭീഷണിയെ സംസ്ഥാന ഇന്റലിജന്‍സ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് പൊലീസ്. സന്ദേശങ്ങള്‍ വരുന്ന ഇ മെയില്‍ ഉറവിടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതില്‍ കേന്ദ്ര ഇന്റലിജന്‍സിനും അതൃപ്തിയുണ്ട്.