ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫേല്‍ വിമാന കരാര്‍ ഒപ്പുവെച്ചു. 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ക്കായുള്ള 63,000 കോടി രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യന്‍ പക്ഷത്തെ പ്രതിനിധീകരിച്ച് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങും നാവികസേന വൈസ് ചീഫ് വൈസ് അഡ്മിറല്‍ കെ. സ്വാമിനാഥനും ചടങ്ങില്‍ പങ്കെടുത്തു. ഫ്രാന്‍സിന്റെയും ഇന്ത്യയുടെയും പ്രതിരോധ വകുപ്പ് മന്ത്രിമാര്‍ ഓണ്‍ലൈനായി പങ്കെടുത്തു.
ഇന്ത്യന്‍ വിമാനവാഹിനി കപ്പലുകളില്‍ വിന്യസിക്കാനായാണ് 26 റഫേല്‍ എം വിമാനങ്ങള്‍ക്കുള്ള കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഇപ്പോള്‍ സര്‍വീസിലുള്ള ഐഎന്‍എസ് വിക്രാന്തില്‍ വിന്യസിക്കുന്നതിന് 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ അടിയന്തരമായി ആവശ്യമാണ്.
അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം നിലവിലുള്ള മിഗ്-29 കെ യുദ്ധവിമാനങ്ങളുടെ പ്രകടനം മോശമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റഫേല്‍ എം വിമാനങ്ങള്‍ കസ്റ്റമൈസ് ചെയ്യുകയും ഐഎന്‍എസ് വിക്രാന്തില്‍ വിന്യസിപ്പിക്കുകയും ചെയ്യും. തദ്ദേശീയമായി നിര്‍മ്മിക്കുന്ന കാരിയര്‍ബോണ്‍ ഫൈറ്റര്‍ ജെറ്റിന്റെ വികസനം പൂര്‍ത്തിയാകുന്നത് വരെ ഒരു താല്‍കാലിക പരിഹാരമായിട്ടാണ് റഫേല്‍ എം വിമാനങ്ങള്‍ ഏറ്റെടുക്കുന്നത്.
ഏപ്രില്‍ ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ നടന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ക്കായുള്ള എക്കാലത്തെയും വലിയ പ്രതിരോധ കരാര്‍ ഇന്ത്യ അംഗീകരിച്ചത്. 22 സിംഗിള്‍ സീറ്റര്‍ ജെറ്റുകളും നാല് ട്വിന്‍ സീറ്റര്‍ ജെറ്റുകളും ഈ ഇടപാടില്‍ ഉള്‍പ്പെടുന്നു. കൂടാതെ അറ്റകുറ്റപ്പണി, ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട്, ജീവനക്കാര്‍ക്കുള്ള പരിശീലനം, തദ്ദേശീയ ഘടക നിര്‍മാണം എന്നിവയ്ക്കുള്ള സമഗ്ര പാക്കേജും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്.
റഫേല്‍ എം ജെറ്റുകള്‍ ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് സര്‍വീസ് നടത്തുകയും നിലവിലുള്ള മിഗ്29 കെ വിമാനങ്ങള്‍ക്ക് മുതല്‍കൂട്ടാകുകയും ചെയ്യും. 2016 ല്‍ ഒപ്പുവച്ച ഒരു പ്രത്യേക കരാറിന്റെ കീഴില്‍ ഏറ്റെടുത്ത 36 റഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇതിനകം തന്നെ ഉണ്ട്.