വിഴിഞ്ഞം കമ്മിഷനിങ്: പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നഗരത്തില്‍ കനത്ത സുരക്ഷ

വിഴിഞ്ഞം കമ്മിഷനിങ്: പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നഗരത്തില്‍ കനത്ത സുരക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ട കമ്മീഷനിങിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തപുരത്തെത്തി. നാളെയാണ് ചടങ്ങ്.

രാത്രി എട്ട് മണിയോടെ വിമാനമിറങ്ങിയ മോഡി റോഡ് മാര്‍ഗം രാജ്ഭവനിലേക്ക് പോയി. പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. വിഴിഞ്ഞത്തും പരിസര പ്രദേശത്തുമായി സുരക്ഷയുടെ ഭാഗമായി ഇന്നലെ മുതല്‍ പൊലീസ് വിന്യാസം ഉണ്ട്. നഗരത്തില്‍ ഉള്‍പ്പെടെ ആയിരത്തോളം പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

നാളെ രാവിലെ പത്തേകാലോടെ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗമായിരിക്കും പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് പോകുന്നത്. 10.30 ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എം.എസ്.സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ ഷിപ്പിനെ സ്വീകരിക്കും.

തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ച ശേഷമാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. 12.30 ഓടെ തിരുവനന്തപുരത്ത് നിന്ന് അദേഹം മടങ്ങും. പതിനായിരത്തോളം പേരെയാണ് ഉദ്ഘാടന ചടങ്ങിന് പ്രതീക്ഷിക്കുന്നത്. പൊതുജനത്തിന് ചടങ്ങ് വീക്ഷിക്കാന്‍ വലിയ എല്‍ഇഡി സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി മന്ത്രി വി.എന്‍. വാസവന്‍, എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, എ.എ റഹിം, എം.വിന്‍സെന്റ് എംഎല്‍എ, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുക്കും.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.